ഇറാനില്‍ പുതിയ ആയുധം പരീക്ഷിക്കാന്‍ തയ്യറായി ട്രംപ് ; യുദ്ധകാഹളം മുഴക്കി ഇറാനില്‍ ചുവന്ന പതാകയുയര്‍ന്നു
ഇറാനില്‍ പുതിയ ആയുധം പരീക്ഷിക്കാന്‍ തയ്യറായി ട്രംപ്. അമേരിക്കന്‍ സൈനിക താവളങ്ങളെയോ, ഏതെങ്കിലും അമേരിക്കക്കാരനെയോ ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ ഒരു പുതിയ മനോഹരമായൊരു ആയുധം ഞങ്ങള്‍ ഇറാനിലേക്ക് അയക്കുമെന്നാണ് ട്വിറ്ററില്‍ ട്രംപ് കുറിച്ചത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് ഇറാന് കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത് വന്നത്. അമേരിക്കക്കാരെയോ അമേരിക്കന്‍ സൈനിക താവളങ്ങളോ ആക്രമിക്കുകയാണെങ്കില്‍ ഇതുവരെ കാണാത്തരീതിയില്‍ അതിശക്തമായി ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. രണ്ട് ട്രില്യണ്‍ ഡോളറാണ് ആയുധങ്ങള്‍ക്ക് വേണ്ടി മാത്രം യുഎസ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ സൈന്യമാണ് ഞങ്ങളുടേത് എന്നും ട്രംപ് വെല്ലുവിളിച്ചു.
അതേസമയം ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിനു പിന്നാലെ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന സൂചന നല്‍കിയിരിക്കുകയാണ് ഇറാന്‍. അതിന് വ്യക്തമായ സൂചന നല്‍കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇറാനില്‍ അപൂര്‍വ്വമായി മാത്രം ഉയരുന്ന പ്രതികാരത്തിന്റെ പ്രതിബിംബമായ ചുവന്ന പതാക വിശുദ്ധ നഗരമായ ജംകരനിലെ പള്ളിയില്‍ ഉയര്‍ന്നു. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കോടി ഉയര്‍ന്നിരിക്കുന്നത്. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഇറാനിയന്‍ ജനതയുടെ ആത്മാഭിമാനത്തിന്റെയും തിരിച്ചടിക്കലിന്റെയും പ്രതീകമാണ് ഈ ചുവന്ന പതാക. ഏഴാം നൂറ്റാണ്ടിലാണ് ഇറാനില്‍ ആദ്യമായി ഈ പതാക ഉയര്‍ത്തിയത്. അല്‍ ഹുസൈന്‍ ഇബ്നു അലിയുടെ വധത്തിനെതിരെ നടന്ന കര്‍ബാല യുദ്ധത്തിനു ശേഷമാണ് ഇറാനില്‍ ആദ്യമായി ഈ പതാക ഉയരുന്നത്. ഹുസൈന്റെ ചോരയ്ക്ക് പ്രതികാരം എന്ന് അറബിയില്‍ രേഖപ്പെടുത്തിയ ഈ പതാക ഇപ്പോള്‍ ഉയര്‍ത്തിയത് ഇറാന്‍ യുദ്ധത്തിന് മുതിരുന്നു എന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ്. ഇത്തരം ചുവന്ന പതാകകള്‍ ഇറാനിലെ മറ്റു പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഖാസിം സുലൈമാനിയുടെ മരണത്തില്‍ കനത്ത പ്രതിഷേധമാണ് ഇറാനില്‍ നടന്നു വരുന്നത്.