ജെഎന്‍യുവില്‍ യൂണിയന്‍ പ്രസിഡന്റിന്റെ തല മുഖമൂടി സംഘം അടിച്ചു പൊട്ടിച്ചു ; അധ്യാപകര്‍ക്കും പരിക്ക്

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖം മറച്ചെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ യൂണിയന്‍ പ്രസിഡന്റിന്റെ തല മുഖമൂടി സംഘം അടിച്ചു പൊട്ടിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന്റെ തലയാണ് അക്രമികള്‍ അടിച്ച് പൊട്ടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഐഷെയെ എയിംസില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. അഞ്ചു മണിയോടെ കോളജില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കു നേരെ മുഖം മറച്ചെത്തിയ സംഘം ആദ്യം കല്ലേറ് നടത്തി. തുടര്‍ന്ന് ഇരുമ്പു ദണ്ഡുകള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഐഷെയെ അക്രമികള്‍ ക്രൂരമായി ആക്രമിച്ചു. തലപൊട്ടി ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഐഷെയുടെ വീഡിയോ പുറത്തു വന്നു. വിദ്യാര്‍ഥികളെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകര്‍ക്കു നേരെ ആക്രമണം ഉണ്ടായത്.