ചന്ദ്രശേഖര്‍ ആസാദിനെ എത്രയും വേഗം എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

ആരോഗ്യ നില മോശമായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നാണംകെട്ട, മനുഷ്യത്വരഹിതമായ നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ‘പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും നേരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെല്ലാം ഭീരുത്വം നിറഞ്ഞതാണ്. ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണം.’

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചന്ദ്രശേഖര്‍ ആസാദ് നേരിടുന്നുണ്ടെന്നും ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അദ്ദേഹത്തിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ ഡോ. ഹര്‍ജിത് സിങ് ഭട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും ആഴ്ചതോറും അദ്ദേഹത്തിന് ഫ്‌ളെബോടോമി ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ടുന്ന രോഗമാണ് അദ്ദേഹത്തിന്. കഴിഞ്ഞ ഒരുവര്‍ഷമായി ദല്‍ഹി എയിംസില്‍ ചികിത്സ തുടരുകയാണ്. ഇതു കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്.’ പലതവണ ദല്‍ഹി പോലീസിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ഡോക്ടര്‍ ട്വീറ്റ് ചെയ്തു.

ദല്‍ഹി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 21 ന് ദല്‍ഹി കോടതി നിരസിച്ചിരുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ദല്‍ഹി ദാര്യഗഞ്ച് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 15 പേരെ കോടതി രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടിരുന്നു.