ജിന്നയെ എതിര്‍ത്തവരാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ , ഞങ്ങളെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട ; പാക് പ്രധാനമന്ത്രിയോട് ഉവൈസി
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി.ഇന്ത്യന്‍ മുസ്ലിങ്ങളെക്കുറിച്ച് ആകുലപ്പെടുന്നതിന് പകരം പാക്കിസ്ഥാനെക്കുറിച്ച് ആശങ്കപ്പടണമെന്ന് ഉവൈസി ഇമ്രാന്‍ ഖാനോട് പറഞ്ഞു. ‘ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പൊലിസിന്റെ വംശഹത്യ’ എന്ന തരത്തില്‍ ഇമ്രാന്‍ ഖാന്‍ രണ്ട് ദിവസം മുന്‍പ് പങ്കുവെച്ച വീഡിയോക്കെതിരെയാണ് ഉവൈസി രംഗത്തെത്തിയത്.
വെള്ളിയാഴ്ച്ചയായിരുന്നു ഇമ്രാന്‍ ഖാന്‍ വീഡിയോ പങ്കുവെച്ചത്. പൊലീസ് അതിക്രൂരമായി ജനങ്ങളെ അടിക്കുകയും ജനങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍. എന്നാല്‍ വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണെന്ന് തെളിയിക്കുന്ന വിധത്തില്‍ പൊലിസുകാരന്‍ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ ഷീല്‍ഡ് ധരിച്ചിരുന്നു. ഇത് ബംഗ്ലാദേശില്‍ നിന്നുള്ള ഏഴ് വര്‍ഷം മുമ്പുള്ള വീഡിയോ ആണ് ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചത്.
‘പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേതാണെന്ന വ്യാജേന ബംഗ്ലാദേശിലെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഖാന്‍ നിങ്ങള്‍ സ്വന്തം രാജ്യത്തെ കുറിച്ച് ആശങ്കപ്പെടൂ. ഞങ്ങള്‍ ജിന്നയുടെ തെറ്റായ തിയറികളെ തള്ളികളഞ്ഞിരുന്നു. ഞങ്ങള്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ ആണെന്നതില്‍ അഭിമാനിക്കുന്നു. ഇനിയും അത് തുടരും.’ ഉവൈസി പറഞ്ഞു.