നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേള്‍പ്പിക്കും ; ദിലീപ് ഹാജരാകും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേള്‍പ്പിക്കും. നടന്‍ ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് ഹാജരാകണം.

നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളാണ് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കുക. ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച് കുറ്റം ചുമത്തും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ദിലീപ് സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നിരസിച്ചിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് ഹാജരാകാതിരുന്നതിന് കോടതി അതൃപ്തി അറിയിച്ചിരുന്നു. അതിനാല്‍ ഇത്തവണ അവധി അപേക്ഷ നല്‍കാനാവില്ല. വിടുതല്‍ ഹര്‍ജി തള്ളിയതില്‍ ദിലീപിന് അപ്പീല്‍ സമര്‍പ്പിക്കാമെങ്കിലും വിചാരണയെ ബാധിക്കാനിടയില്ല. കേസിലെ വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. പ്രതിഭാഗവും പ്രോസിക്യൂഷനും കേസിലെ പ്രാഥമിക വാദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. എല്ലാ പ്രതികളും ഇന്ന് ഹാജരാകാന്‍ കോടതി അന്ത്യശാസനം നല്‍കിയിട്ടുണ്ട്.