വേള്‍ഡ് മലയാളി ഫെഡറേഷന് നവ നേതൃത്വം: പ്രിന്‍സ് പള്ളിക്കുന്നേല്‍ വീണ്ടും ഗ്ലോബല്‍ ചെയര്മാന്
ബംഗ്ളൂരു/വിയന്ന: ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ ശൃംഖലയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, പ്രവാസികളുടെ താല്പര്യങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ള്യു.എം.എഫ്) 2020-22 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ ബംഗ്ളൂരുവില്‍ ജനുവരി ആദ്യവാരം നടന്ന ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു. 125-ഓളം രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ച ലോകത്തിലെ ഏറ്റവും മലയാളി പ്രവാസി സംഘടനയുടെ രണ്ടാം ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചാണ് ജനറല്‍ ബോഡി സംഘടിപ്പിച്ചത്.
പുതിയ ഗ്ലോബല്‍ ക്യാബിനറ്റിന്റെ ചെയര്‍മാനായി പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വര്‍ഗീസ് പഞ്ഞിക്കാരന്‍ (ഗ്ലോബല്‍ സെക്രട്ടറി, ഓസ്ട്രിയ), ഡോ. ജെ. രത്ന കുമാര്‍ (ഗ്ലോബല്‍ കോഡിനേറ്റര്‍, ഒമാന്‍), സുനില്‍ എസ്. എസ് (ഗ്ലോബല്‍ ട്രഷറര്‍, കുവൈറ്റ്), ആനി ലിബു (ഗ്ലോബല്‍ വൈസ് ചെയര്‍വുമണ്‍, അമേരിക്ക), മുഹമ്മദ് കായംകുളം (ഗ്ലോബല്‍ വൈസ് ചെയര്മാന്, സൗദി അറേബ്യ), റെജിന്‍ ചാലപ്പുറം (വൈസ് ചെയര്മാന്, ഇന്ത്യ), വര്‍ഗീസ് ഫിലിപ്പോസ് (ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി, ഉഗാണ്ട) സിന്ധു സജീവ് (ജോയിന്റ് സെക്രട്ടറി, ഇന്ത്യ), നിസാര്‍ എടത്തുംമീത്തല് (ജോയന്റ് സെക്രട്ടറി, ഹെയ്തി) സീന ഷാനവാസ് (ജോയിന്റ് ട്രഷറര്‍, ഇന്ത്യ) എന്നിവരാണ് പുതിയ പതിനൊന്നംഗ ഗ്ലോബല്‍ ക്യാബിനറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു സാരഥികള്‍.
നൗഷാദ് ആലുവ (സൗദി അറേബ്യ), സുഭാഷ് ഡേവിഡ് (ഫ്രാന്‍സ്), ഷമീര്‍ യൂസഫ് (സൗദി അറേബ്യ), സിറോഷ് ജോര്‍ജ് (ഓസ്ട്രിയ), ഡോണി ജോര്‍ജ് (ജര്‍മ്മനി), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), അരുണ്‍ മോഹന്‍ (സ്വീഡന്) എന്നിവര്‍ അടങ്ങിയ ഉപദേശക സമിതിയും നിലവില്‍ വന്നു. കൂടാതെ സംഘടനയുടെ വിവിധ റീജനുകളെ ഉള്‍പ്പെടുത്തി 30 പേരടങ്ങുന്ന ഗ്ലോബല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഉടനെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗ്ലോബല്‍ ഇലക്ഷന് കോഡിനേറ്റര്‍ ആന്റണി പുത്തന്‍പുരക്കല്‍ സത്യവാചകം ചൊല്ലി കൊടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖലകളിലും ജീവിക്കുന്ന മലയാളികളുടെ സാംസ്ക്കാരിക സമ്പന്നതയില്‍ ജീവിക്കുവാനും, അത് പങ്കുവയ്ക്കുവാനും, കൊച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന്മനാടിനെ സഹായിക്കാനും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണ് ഡബ്ള്യു.എം.എഫ്. എല്ലാ മലയാളികളെയും മാനവസ്നേഹമെന്ന വികാരത്തിന്റെ കുടക്കീഴില് അണിചേര്‍ക്കാനും ഭാരതത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും വേണ്ടി സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ, മതാത്മക ചേരിതിരിവും, മൗലിക ചിന്താഗതികളുമടക്കമുള്ള ഭിന്നതകള്‍ മാറ്റിവച്ച് എല്ലാ പ്രവാസികള്‍ക്കും ഒരുമിക്കാനുള്ള വേദിയാണ് സംഘടന വിഭാവനം ചെയ്യുന്നത്.
സംഘടനയുടെ വെബ്സൈറ്റ്: http://worldmalayaleefederation.com/