നിര്‍ഭയ കേസ് ; പ്രതികളെ ഈ മാസം 22 നു തൂക്കികൊല്ലും

രാജ്യം കാത്തിരുന്ന കേസിന് അന്ത്യ വിധി. നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ വാറന്റ് പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ 7 മണിക്ക് വധ ശിക്ഷ നടപ്പാക്കും. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ആരാച്ചാരാകും വധശിക്ഷ നടപ്പാക്കുക. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ഭയ കേസില്‍ നീതി നടപ്പാവുന്നത്. ബ്ലാക്ക് വാറന്റിന്റെ നടപടിക്ക് മുമ്പായി ഈ നാല് പേരെയും ഏകാന്ത സെല്ലിലാണ് തിഹാറില്‍ പാര്‍പിച്ചിരുന്നത്.

ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. രാവിലെ ഏഴു മണിക്കു തൂക്കിലേറ്റണമെന്നാണ് വാറണ്ട്. മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ ശരിവച്ചിരുന്നു.

നേരത്തെ വധശിക്ഷയ്ക്കെതിരെ നിര്‍ഭയ കേസ് പ്രതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. വധശിക്ഷ പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. 2012 ഡിസംബര്‍ പതിനാറിനാണ് ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗം നടന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡിസംബര്‍ ഇരുപത്തിയൊന്‍പതിന് നിര്‍ഭയ സിംഗപ്പൂരിലെ ആശുപത്രിയില്‍വച്ചാണ് മരിച്ചത്.

എന്നാല്‍ കേസില്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു. നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. നിയമവഴികള്‍ പൂര്‍ണമായി അടയാതെ വധശിക്ഷ പാടില്ലെന്നും തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കാന്‍ അവകാശമുണ്ടെന്നും പ്രതികള്‍ പറയുന്നു. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് നല്‍കിയ ഹര്‍ജി ഡിസംബര്‍ 18ന് സുപ്രീം കോടതി തള്ളിയിരുന്നു.