കോഴിക്കോട് വിദ്യാര്‍ഥികളില്‍ എച്ച്1എന്‍1 ; ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ H1N1 എന്ന് സ്ഥിരീകരണ0. മണിപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു.

നാലുദിവസത്തിനിടെ സ്‌കൂളിലെ 10- ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പടര്‍ന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന്, ആരോഗ്യവകുപ്പ് അധികൃതര് സ്‌കൂളിലെത്തി പരിശോധന നടത്തി സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

എന്നാല്‍ വിദ്യര്‍ത്ഥികളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചതില്‍ ആശങ്ക പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അഭിപ്രായപെട്ടു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം ജനുവരി 9 വ്യഴാഴ്ച്ച സ്ഥലം സന്ദര്‍ശിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടാല്‍ രോഗികളെ ഐസലോഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍. പനിബാധിച്ചവര്‍ക്ക് അസുഖം തീര്‍ത്തുമാറുന്നില്ലെന്നു മാത്രമല്ല, വേഗത്തില്‍ കൂടുതല്‍പേരിലേക്ക് പടരുകയുമാണുണ്ടായത്.

പ്രൈമറിവിഭാഗത്തിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുമുള്ള കുട്ടികളില്‍ പനിബാധയില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഹൈസ്‌കൂള്‍വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ത്തന്നെ പത്താംക്ലാസിലെ കുട്ടികളാണ് പനിബാധിതരില്‍ ഭൂരിപക്ഷവും.

ഒരേസ്ഥലത്തുനിന്നുവരുന്ന കുട്ടികളല്ല പനിബാധിതരെന്നതും ശ്രദ്ധേയമാണ്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് വരുന്ന കുട്ടികളിലാണ് രോഗംപിടിപെട്ടതായി കാണുന്നതെന്ന് പ്രധാനാധ്യാപകന്‍ തോമസ് മാത്യു പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്‌കൂള്‍അടച്ചിട്ടിരിക്കുകയാണ്.