മിസൈല്‍ ആക്രമണത്തില്‍ 80 യുഎസ് സൈനികരെ വധിച്ചെന്ന് ഇറാന്‍
ടെഹ്‌റാന്‍: ഇറാഖിലെ യു എസ് സൈനികത്താവളങ്ങളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എണ്‍പത് അമേരിക്കന്‍ സൈനികരെ വധിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ച അമേരിക്ക എന്നാല്‍, മരണസംഖ്യയുടെ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ഇറാഖിലെ സുപ്രധാന യു എസ് സൈനികത്താവളങ്ങളില്‍ ഇറാന്റെ ആക്രമണം.
അമേരിക്ക കൊലപ്പെടുത്തിയ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ സംസ്‌കാരം കഴിഞ്ഞു നിമിഷങ്ങള്‍ക്കകമാണ് ഇറാന്‍ തിരിച്ചടിച്ചത്. ഇറാഖിലെ അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള അല്‍ അസദ് വ്യോമസേനാ താവളത്തില്‍ പത്തു മിസൈലുകളാണ് പുലര്‍ച്ചെ പതിച്ചത്. എര്‍ബില്‍ വ്യോമസേനാ താവളത്തില്‍ നാല് മിസൈലുകളും പതിച്ചു. മൊത്തം മുപ്പതിലേറെ മിസൈലുകള്‍ തൊടുത്തതായി ഇറാന്‍ വിപ്ലവസേന അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു.
ഒരു മണിക്കൂറിനു ശേഷം വീണ്ടും മിസൈല്‍ ആക്രമണം ഉണ്ടായി. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിവരികയാന്നെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ലോകത്തെ ഏറ്റവും വലിയ ആയുധശേഖരം അമേരിക്കയുടെ പക്കലാണെന്ന് ട്രംപ് ഇറാനെ ഓര്‍മ്മിപ്പിച്ചു. മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കൂടിയാലോചനകള്‍ വൈറ്റ് ഹൗസില്‍ നടന്നു.
അതേസമയം മിസൈലാക്രമണം അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമെന്ന് ഇറാന്‍ ആത്മീയ നേതാവ് അയത്തുള്ള ഖൊമേനി പറഞ്ഞു. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടു പോവണമെന്നും അദ്ദേഹം കല്‍പിച്ചു. ഇറാന്‍ നടത്തിയ തിരിച്ചടിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ സ്വയരക്ഷ അനിവാര്യമാണ്. അത് ഞങ്ങള്‍ ചെയ്യും. സ്വയരക്ഷയ്ക്കായാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്. അമേരിക്ക ഒരു ഭീരുവിനെപ്പോലെ ഞങ്ങളെ ആക്രമിച്ചു, ഞങ്ങളുടെ സൈനികരേയും സാധാരണക്കാരെയും കൊലപ്പെടുത്തി, ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ് പറഞ്ഞു.
ആദ്യ തിരിച്ചടിയ്ക്ക് സുലൈമാനി കൊല്ലപ്പെട്ട സമയം തന്നെയാണ് ഇറാന്‍ തിരഞ്ഞടുത്തത്. ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് പുലര്‍ച്ചെ 1.20നായിരുന്നു. ആ സമയം തന്നെയാണ് തിരിച്ചടിക്കാന്‍ ഇറാന്‍ തിരഞ്ഞെടുത്തതും.