പൗരത്വ ഭേദഗതി ; സര്‍ക്കാരിനെ കടന്നാക്രമിച്ച് സോണിയാ ഗാന്ധി

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വിഭജിക്കുന്നതിനാണെന്നും വിവേചന പരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മതാടിസ്ഥാനത്തില്‍ ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുന്നതിനുള്ളതാണ് നിയമമെന്ന കാര്യം എല്ലാവര്‍ക്കും വ്യക്തമായെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ആണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കടുത്ത നിലപാട് സോണിയ വ്യക്തമാക്കിയത്.

ഡല്‍ഹിയും ഉത്തര്‍പ്രദേശും സംസ്ഥാനങ്ങള്‍ എന്ന അവസ്ഥയില്‍ നിന്നും പോലീസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്ന നിലയിലേക്ക് മാറി എന്നും സോണിയാ ഗാന്ധി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ മിക്കവാറും നഗരങ്ങളിലും, ജാമിയ മിലിയയിലും, ജെഎന്‍യുവിലും, ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അലഹാബാദ് അലഹാബാദ് സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലും ഗുജറാത്ത് സര്‍വകലാശാലയിലും ബെഗംളുരുവിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുമെല്ലാം ഉണ്ടായ പോലീസ് അതിക്രമങ്ങള്‍ ഭയപെടുത്തുന്നതാണ് സോണിയ പറയുന്നു .

രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപെട്ടുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് കമ്മീഷന്‍ അന്വേഷിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപെട്ടു.