ISIS സാന്നിധ്യം കേരളത്തിലും , അന്വേഷണത്തിന് ഡല്‍ഹി പോലീസ്

ദക്ഷിണേന്ത്യയില്‍ തീവ്രവാദ സംഘടനയായ ISISന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായും കേരളത്തിലും, കര്‍ണാടകയിലും, തമിഴ്നാട്ടിലും അന്വേഷണം നടത്തുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ISISന്റെ യോഗങ്ങള്‍ കേരളത്തിലും നടന്നു എന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ISIS തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ISIS-മായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ സംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നുവെന്നും, ഈ സംസ്ഥാനങ്ങളില്‍ ഐഎസ്‌ഐഎസിന്റെ കണ്ണികളുണ്ടെന്നും, ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. കേരള – തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപെടുത്തിയ സംഭവത്തില്‍ പോലീസ് സംശയിക്കുന്ന തിരുവിതാംകോട് സ്വദേശി അബ്ദുല്‍ ഷമീം, തൗഫിഖ് എന്നിവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങളും ഡല്‍ഹി പോലീസ് നടത്തുന്നുണ്ട്.

ISIS-മായി ബന്ധപ്പെട്ട പ്രധാന കണ്ണിയെക്കുറിച്ച് അന്വേഷിക്കാനായി ഗുജറാത്ത്, തമിഴ്നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്. സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാള്‍ ഗുജറാത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ഉടന്‍ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യും.

ISIS-മായി ബന്ധമുള്ള മൂന്ന് പേരെ കഴിഞ്ഞ ദിവസം ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര ,കര്‍ണാടക ,കേരളം ,തമിഴ് നാട് സംസ്ഥാനങ്ങളില്‍ ഇവര്‍ സംഘടനയുടെ യോഗങ്ങള്‍ സംഘടിപ്പിച്ചതായി പോലീസിനെ അറിയിച്ചിട്ടുണ്ട്.