യുക്രൈന്‍ വിമാനം തകര്‍ത്തത് ഇറാന്‍ ; മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയത് എന്ന് കുറ്റസമ്മതം

176 മനുഷ്യ ജീവന്‍ ഇല്ലാതാക്കുവാന്‍ കാരണം തങ്ങള്‍ എന്ന് ഇറാന്റെ കുറ്റസമ്മതം. സൈനിക പ്രസ്താവനയെ ഉദ്ധരിച്ച് ഇറാന്‍ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനം അപകത്തില്‍പ്പെട്ടതല്ലെന്നും തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്നുമാണ് ഇറാന്റെ കുറ്റസമ്മതം.

മാനുഷികമായ പിഴവുമൂലം തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും അതോടെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞു.

അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നത്. ഇറാന്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെയോടെയാണ് വിമാനപകടം അബദ്ധത്തില്‍ ഉണ്ടായതാണെന്ന കുറ്റസമ്മതം ഇറാന്‍ നടത്തിയത്.

ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഇറാന്‍ സൈന്യമാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ തങ്ങളുടെ കൈയ്യബദ്ധത്തിന് മാപ്പ് ചോദിച്ചു കൊണ്ട് ഇറാന്‍ വിദേശകാര്യമന്ത്രിയും ട്വിറ്ററിലൂടെ രംഗത്ത് എത്തി.ഇറാനാണ് യുക്രൈന്‍ വിമാനത്തിന് മേല്‍ മിസൈല്‍ പതിച്ചതെന്ന് അമേരിക്കയും കാനഡയും യകെയും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് മാധ്യമങ്ങള്‍ ആരോപിച്ചിരുന്നത്. രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്നായിരുന്നു യുഎസ് മാധ്യങ്ങള്‍ ആരോപിച്ചിരുന്നത്.എന്നാല്‍ വിമാനം പറന്നുയര്‍ന്ന ഉടനെ ചില സാങ്കേതിക തകരാര്‍ ഉണ്ടായെന്നും തുടര്‍ന്ന് തീപിടിച്ച് വീഴുകയായിരുന്നുവെന്നുമാണ് ഇറാന്‍ ആദ്യം വിശദീകരിച്ചത്.

അപകടസ്ഥലത്ത് നിന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിലെ വിവരങ്ങള്‍ അമേരിക്കയ്ക്ക് കൈമാറാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. ഇതും ആഗോളതലത്തില്‍ സംശയത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ കുറ്റസമ്മതവുമായി രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്നവരില്‍ 167 പേര്‍ യാത്രക്കാരും ഒമ്പത് ജീവനക്കാരുമായിരുന്നു. ഇവരില്‍ 82 പേര്‍ ഇറാനികളും 63 പേര്‍ കാനഡക്കാരും 11 പേര്‍ യുക്രൈന്‍കാരുമായിരുന്നെന്നാണ് വിവരം.

കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്ന് യുക്രൈനും കാനഡയും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് തന്നെ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരു രാജ്യങ്ങളും വ്യക്തമാക്കി.