മടക്കയാത്ര: ഭാഗം രണ്ട്

ഇത് ആരുടേയും കഥയല്ല. എന്നാല്‍ എല്ലാവരുടെയുമാണ്
പ്രവാസി ആയി ജീവിക്കുന്നതുകൊണ്ട് കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒരു പരിധിവരെ എനിക്ക് മനസിലാക്കാന്‍ സാധിച്ചുട്ടുണ്ട്. ജീവിത യാത്രയില്‍ ലഭിച്ച കുറച്ചു അനുഭവങ്ങള്‍ മാത്രം…
നോവലറ്റിന്റെ രണ്ടാംഭാഗം വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു…
സ്നേഹപൂര്‍വ്വം
പോള്‍ മാളിയേക്കല്‍

മരുമകളുടെ ഭാഷയും സംസ്‌കാരവും ഞങ്ങള്‍ക്ക് അറിയില്ലലോ. പലപ്പോഴും എന്തെങ്കിലും പറയണെമങ്കില്‍ ആംഗ്യ ഭാഷയിലെ പറ്റുമായിരുന്നുള്ളു. ആദ്യമായി വീട്ടിലേയ്ക്കു കയറിവന്ന മരുമകള്‍. അവളോട് സംസാരിക്കാന്‍, കുശലം പറയാന്‍, നമ്മുടെ ജീവിതരീതി, സംസ്‌കാരം എല്ലാം പറഞ്ഞു മനസിലാക്കി മോളെപോലെ കൊണ്ടുനടക്കണം…അങ്ങനെയൊന്നും നടന്നില്ല.

പേരക്കുട്ടിയെ ഒന്ന് താലോലിക്കാന്‍ പോലും അനുവാദമില്ലാത്ത മാതാപിതാക്കള്‍. തിരകള്‍ ആഞ്ഞടിച്ച സങ്കടകടല്‍ അങ്ങനെ പരന്നു കിടന്നു. ആരോടെങ്കിലും ഇതൊക്കെ ഒന്ന് തുറന്നു പറയാന്‍ പറ്റുമോ? സങ്കടങ്ങള്‍ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുമ്പില്‍ അഭിനയിച്ചു ജീവിച്ചു.
—————————————————–
അന്ന് കൂട്ടുകാരന്റെ മകളുടെ ഗ്രാജുവേഷന്‍ പരിപാടിയായിരുന്നു. യുണിവേഴ്‌സിറ്റിയുടെ വിശാല ഹാളില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. മാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍, കൂട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ അങ്ങനെ ഒരുപാടുപേര്‍…

കൂട്ടുകാരന്റെ ക്ഷണപ്രകാരം ഞങ്ങളും ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഹാളില്‍ പ്രവശിച്ചപ്പോള്‍ ആകെ അമ്പരന്നുപോയി. പ്രധാന വാതിക്കല്‍ അതിഥികളെ സ്വീകരിക്കാന്‍ അല്പവസ്ത്രധാരികളെന്നു തോന്നിക്കുന്ന തരുണീമണികള്‍ പുഞ്ചിരിതൂകുന്നു. വര്‍ണങ്ങളും മിന്നില്‍തിളങ്ങുന്ന ലൈറ്റുകളും, അതിനിടയില്‍ തിളങ്ങുന്ന വസ്ത്രങ്ങളുമായി അണിഞ്ഞൊരുങ്ങിയ അതിഥികളെ കണ്ടപ്പോള്‍ കണ്ണുമിഴിച്ചുപോയി. ഹാളിന്റെ ഏതാണ്ട് മധ്യത്തിലായി ഒഴിഞ്ഞുകിടന്ന സ്ഥലത്ത് ഞങ്ങളെ കൊണ്ടിരുത്തി. അപ്പോയ്‌ഴ്യ്ക്കും കൂട്ടുകാരനും ഭാര്യയും ഞങ്ങളുടെ അടുത്തെത്തി ഞങ്ങള്‍ വന്നതിലുള്ള സന്തോഷം അറിയിച്ചു.

മടക്കയാത്ര ഒന്നാം ഭാഗം ഇവിടെ വായിക്കാം

മടക്കയാത്ര അവസാന ഭാഗം ഇവിടെ

ചടങ്ങുകള്‍ തുടരാന്‍ ഏതാണ്ട് പതിനഞ്ചു മിനിറ്റ് സമയമുണ്ട്. ഹാളിനു നടുവില്‍ ഇരിപ്പടം ലഭിച്ചതുകൊണ്ട് ചടങ്ങുകള്‍ ഭംഗിയായി കാണാന്‍ പറ്റുന്ന തരത്തിലായിരുന്നു. അച്ചടക്കമെന്താണെന്ന് സ്‌കൂളില്‍ പഠിച്ചത് അറിയാതെ ഓര്‍ത്തുപോയി. ആരും മൈക്ക് ടെസ്റ്റ് ചെയ്യുന്നതും ബാഡ്ജും തൂക്കിയുള്ള ഭാരവാഹികളുടെ മരണവെപ്രാളമോ, അച്ചായന്മാരുടെയും കൊച്ചമ്മമാരുടെയും നഗരികാണിക്കലോ അവിടെ കണ്ടില്ല. എല്ലാവരും എന്തോ പ്രതീക്ഷിച്ചിരിക്കുന്നു, ഞങ്ങളും…

പെട്ടെന്ന് പിന്നില്‍ നിന്നും ആരോ തോളില്‍ തട്ടിവിളിച്ചു. അത് മകനായിരുന്നു. ‘പപ്പ ഒന്ന് പുറത്തേയ്ക്കു വന്നേ’, അവന്റെ കൂടെ പുറത്തേയ്ക്കിറങ്ങി.
‘പാപ്പയ്ക്കും മമ്മിയ്ക്കും നാണമില്ലേ ഈ വേഷത്തില്‍ ഇങ്ങനെ ഒരുപരിപാടിയില്‍ പങ്കെടുക്കാന്‍. നിങ്ങള്‍ ഈ വേഷത്തതില്‍ ഇവിടെ ഇരിക്കുന്നതുകണ്ടാല്‍ എനിക്കാണ് നാണക്കേട്. നിങ്ങള്‍ ഉടനെപുറത്തുപോകുന്നതാണ് നല്ലത്.’
ദേഷ്യത്തില്‍ കണ്ണുകാണാതെ നില്‍ക്കുന്ന മകനെ ഒരു നോക്ക് മാത്രമേ നോക്കിയുള്ളു. ഒരു അത്യാവശ്യകാര്യമുണ്ടെന്നും പറഞ്ഞു ഭാര്യയേയും കൂട്ടി പുറത്ത്കടന്നു നേരെ വീട്ടിലേയ്ക്കു പോയി. ഭാര്യയോട് എന്തുകാരണം പറയും, അതായിരുന്നു ഉള്ളുനിറയെ.

മകന് പപ്പയും മമ്മിയും അന്തസില്ലാത്തവരായി, അനുചിതമല്ലാത്ത വസ്ത്രധാരികളായി. മകന്റെയും ഭാര്യയുടെയും അന്തസ്സിനു ചേരാത്തവരായി. വിളിക്കാതെ വന്നവരെപ്പോലെ ആട്ടിയിറക്കി. ഉച്ചത്തില്‍ കരയണമെന്ന് തോന്നി. എല്ലാം അടക്കിപ്പിടിച്ചു മെട്രോട്രെയ്നിന്റെ കൈവരികളില്‍ പിടിച്ചുനിപ്പോള്‍ ചുറ്റുപാടുകള്‍ കറങ്ങുന്നതുപോലെ തോന്നി…
—————————————————–
ഇന്ന് ബെല്ലയുടെ പിറന്നാളാണ്. അവള്‍ എവിടെയാണെന്നറിയില്ല. വല്ലപ്പോഴും വിളിക്കാറുണ്ടായിരുന്നു. കുറെകാലയമായി അതും ഇല്ലാതെയായി. ഇസബെല്ലയെ ബെല്ലയെന്നാണ് വിളിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു അവള്‍. പക്ഷെ ഉന്നത പഠനത്തിനായി ലണ്ടനില്‍ പോയ അവള്‍ പരീക്ഷ പാസ്സാവാതെ ഉഴപ്പിനടന്നു. ഏതോ ചാരിറ്റി മിഷനറിസുമായി നാടായ നാട് മുഴുവന്‍ കറങ്ങിനടന്നു.

വിവാഹ പ്രായം കഴിഞ്ഞിട്ടും അവള്‍ അതൊന്നും ചിന്തിച്ചില്ല. ‘ഇന്ന് വിവാഹം, നാളെ വിവാഹമോചനം. എന്തിനാണ് ഈ പ്രഹസനം.’ വിവാഹത്തെപറ്റിപറയുമ്പോള്‍ അവള്‍ പുശ്ചിക്കുമായിരുന്നു. കുറേകാലം ഒരു സുഹൃത്തുമായി കൂട്ടുകൂടിനടന്നു. മിടുക്കനും വിദ്യാഭ്യാസ യോഗ്യതയുള്ളവനുമായിരുന്നു ആ പയ്യന്‍. ഗ്രാമീണ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന അവനു മകളെ വിവാഹം കഴിപ്പിച്ചുകൊടുക്കുന്നതില്‍ ഞങ്ങള്‍ക്കും താല്‍പര്യമായിരുന്നു. പക്ഷെ അവള്‍ക്കു വിവാഹം കഴിക്കണ്ട. കൂട്ടുകൂടിനടന്നാല്‍ മാത്രം മതി. കുടുംബം…കുട്ടികള്‍..അതൊക്കെ പഴഞ്ചന്‍ സമ്പ്രദായം. സ്വതന്ത്രമായി നടക്കണം. അവളുടെ രീതികളോട് പൊരുത്തപ്പെടാന്‍ അവനുകഴിഞ്ഞില്ല. എട്ടുവര്‍ഷത്തെ സൗഹൃദത്തിന് തിരശീല വീണു. അവള്‍ വീണ്ടും ഒറ്റയായി. ഒരുപക്ഷെ അതിനായിരിക്കാം അവള്‍ ആഗ്രഹിച്ചത്. ലക്ഷ്യങ്ങളോ സങ്കല്പങ്ങളോ ഇല്ലാത്ത പുതുജന്മസിദ്ധാന്തം.

പിന്നെ പലപ്പോഴും മകള്‍ വിളിക്കാതെയായി. മക്കള്‍ എവിടെ ആയിരുന്നാലതും വല്ലപ്പോഴും അവര്‍ ഒന്ന് വിളിക്കുമ്പോള്‍ മാതാപിക്കള്‍ക്കു കിട്ടുന്ന സന്തോഷം വലുതാണ്. എന്നാല്‍ നിരാശയായിരുന്നു പലപ്പോഴും.
രാവിലെ പള്ളിയില്‍പ്പോയി പ്രാര്‍ത്ഥിച്ചു. ജന്മം നല്‍കിയ മാതാപിതാക്കളെ ഓര്‍ത്തില്ലെങ്കിലും, മകളെ കാക്കണേ എന്ന് പ്രാര്‍ത്ഥിച്ചു. ഒരിക്കല്‍ അവള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു പള്ളിയില്‍ നിന്നിറങ്ങി നടന്നു…

(അവസാനഭാഗം അടുത്ത ആഴ്ച)