മീ ടൂ ആരോപണം ; സംവിധായകനെതിരെ നടി രംഗത്ത്
പ്രമുഖ ബംഗാളി സംവിധായകനായ അരിന്ദം സില്ലിനെതിരെയാണ് ഇത്തവണ #MeToo ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബംഗാളി സീരിയല്‍ താരം രൂപാഞ്ജന മിത്രയാണ് സംവിധയകന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവം താരം വെളിപ്പെടുത്തിയത്.
‘ബംഗാളിയിലെ ജനപ്രിയ സീരിയലായ ഭൂമികന്യയുടെ സ്‌ക്രിപ്റ്റ് വായിച്ചു കേള്‍പ്പിക്കുന്നതിനായി അരിന്ദം തന്നെ കൊല്‍ക്കത്തിയിലേക്കുള്ള ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ദുര്‍ഗ പൂജയ്ക്ക് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. വൈകുന്നേരം ഏകദേശം 5 മണിയോടെ ഓഫീസിലെത്തിയപ്പോള്‍ അതിശയം പോലെ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ എന്തോ കുഴപ്പം തോന്നിയിരുന്നു.. ഞാനും അദ്ദേഹവും മാത്രമായിരുന്നു ഓഫീസിലുണ്ടായിരുന്നത്. പെട്ടെന്ന് സീറ്റില്‍ നിന്നെഴുന്നേറ്റു വന്ന അയാള്‍ എന്റെ തലയിലും മുതുകത്തും വിരലുകള്‍ ഓടിക്കാന്‍ തുടങ്ങി. ഞാന്‍ ബലാത്സംഗം ചെയ്യപ്പെടുമോ എന്നു പോലും ആ സമയം ഭീതിയുണ്ടായി.. മുറിയിലേക്ക് ആരെങ്കിലും കടന്നു വരണേ എന്ന് പ്രാര്‍ഥിച്ച് തുടങ്ങി..
കുറച്ച് സമയം കഴിഞ്ഞ് ഇത് സഹിക്കാന്‍ വയ്യാത്ത സാഹചര്യത്തില്‍ സ്‌ക്രിപ്റ്റിനെക്കുറിച്ച് സംസാരിക്കമെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ വിദ്യകളില്‍ വീഴുന്ന ഒരു പെണ്‍കുട്ടിയല്ല ഞാന്‍ എന്ന് ഒരു പക്ഷേ അയാള്‍ക്ക് മനസിലായി കാണും.. പെട്ടെന്ന് സംവിധായകനായി മാറിയ അയാള്‍ തിരക്കഥ വിവരിച്ച് തുടങ്ങി. അഞ്ച് നിമിഷം കഴിഞ്ഞപ്പോള്‍ അയാളുടെ ഭാര്യയും ആ മുറിയിലേക്ക് കടന്നു വന്നു..’ എന്നായിരുന്നു രൂപാഞ്ജനയുടെ വാക്കുകള്‍.
ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ താന്‍ ആകെ തകര്‍ന്നു പോയിരുന്നുവെന്നും നടി പറയുന്നു. ചാനലുമായി ഒരു കോണ്‍ട്രാക്റ്റ് ഉണ്ടായിരുന്നുവെന്നും അവരുടെ അന്തസിന് കളങ്കം വരുത്തുന്ന ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതു കൊണ്ടാണ് തുറന്നു പറയാന്‍ വൈകിയതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച അരിന്ദം ഇത് രാഷ്ട്രീയ നാടകമെന്നാണ് പ്രതികരിച്ചത്. ഞങ്ങള്‍ പഴയ സുഹൃത്തുക്കളാണ് എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ ആരോപിക്കുന്നത് എന്നറിയില്ല.. സ്‌ക്രിപ്റ്റ് വായിച്ച് കേട്ട് ഇവിടെ നിന്ന് പോയ ശേഷം താന്‍ വളരെ ആവേശത്തിലാണ് എന്ന് രൂപാഞ്ജന മെസേജ് ചെയ്തിരുന്നു. ആ മെസേജ് ഇപ്പോഴും എന്റെ പക്കലുണ്ട്. അത് കാട്ടി തരാം. അവരോട് മോശമായി പെരുമാറിയ ആള്‍ക്ക് എന്തിനാണ് ഇത്തരമൊരു സന്ദേശം അയക്കുന്നത്.. അവര്‍ കള്ളം പറയുകയാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കി.