കേബിള്‍ ടിവി നിരക്കുകള്‍ ;  പുതിയ നയം പ്രഖ്യാപിച്ചു ട്രായ്

രാജ്യത്തെ കേബിള്‍ ടിവി നിരക്കുകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കി പുതിയ നയം പ്രഖ്യാപിച്ച് ടെലികോം അതോറിറ്റി (ട്രായ്). നിലവിലെ നിരക്കില്‍ കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. 24 ഉള്‍പ്പടെ 200 സൗജന്യ ചാനലുകള്‍ക്ക് 153.40 രൂപ. നേരത്തെ ഇത് 25 ദൂരദര്‍ശന്‍ ചാനലുകള്‍ ഉള്‍പ്പെടെ 100 ചാനലുകള്‍ മാത്രമായിരുന്നു. പരമാവധി നിരക്ക് 12 രൂപയോ അതില്‍ താഴെയോ ഉള്ള ചാനലുകള്‍ മാത്രമേ കൂട്ടമായി നല്‍കുന്ന പേ ചാനലുകളുടെ ബൊക്കെ ഗണത്തില്‍പ്പെടൂ. 12 രൂപയില്‍ കൂടുതലുള്ള ചാനലുകള്‍ പ്രത്യേകം വാങ്ങാം. വിതരണക്കാരന്റെ മുഴുവന്‍ സൗജന്യ ചാനലും 160 രൂപയ്ക്ക് ലഭിക്കും എന്ന് ട്രായ് ചെയര്‍മാന്‍ അറിയിച്ചു.

ഡിടിഎച്ച് കമ്പനികള്‍ പുതിയ നിരക്കുകള്‍ 30ന് മുന്‍പ് പ്രസിദ്ധീകരിക്കണം. മാര്‍ച്ച് ഒന്ന് മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഒരു വീട്ടില്‍ രണ്ടു ടിവിയിലേക്ക് ഒരു കണക്ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ 40% വരെ മാത്രമേ അധിക നിരക്ക് ഈടാക്കാന്‍ പാടുള്ളൂ എന്ന് പുതിയ നയം വ്യക്തമാക്കുന്നു. നേരത്തെ കേബിള്‍ ടിവി, ഡിടിഎച്ച് കമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ ടെലികോം അതോറിറ്റി 2018 ഡിസംബറില്‍ നടപ്പാക്കിയ നിര്‍ദേശങ്ങള്‍ നിരക്കുയരാന്‍ കാരണമായെന്ന് വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടിയെന്ന് ട്രായ് ചെയര്‍മാന്‍ വ്യക്തമാക്കി.