മോദി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു ; കുറ്റപ്പെടുത്തലുമായി ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു എന്ന കുറ്റപ്പെടുത്തലുമായി ശശി തരൂര്‍ എം പി. ഹൗറയിലെ രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പ്രസംഗം നടത്തിയതിനെയാണ് തരൂര്‍ വിമര്‍ശിച്ചത്.
‘മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ശ്രമിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. രാഷ്ട്രീയത്തെ മതത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കണം’, ട്വീറ്ററിലൂടെയയിരുന്നു തരൂരിന്റെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമത്തില്‍ യുവാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതായി, കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തില്‍ സ്വാമി വിവേകാനന്ദ ജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചിരുന്നു. പൗരത്വം ഭേദഗതി നിയമം, പൗരത്വം നല്‍കാനുള്ള നിയമമാണെന്നും, ഈ നിയമം ആരുടെയും പൗരത്വം കവര്‍ന്നെടുക്കില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വിദേശരാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനെ ഗാന്ധിജിയും അനുകൂലിച്ചിരുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തിലും പ്രസംഗത്തിലും അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം സന്യാസിമാര്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. ബേലൂര്‍ മഠത്തെ പ്രധാനമന്ത്രി രാഷ്ട്രീയ വിശദീകരണത്തിനുള്ള വേദിയാക്കിയെന്നാണ് സന്യാസിമാരുടെ പരാതി. ഈ വിഷയത്തില്‍, രാമകൃഷ്ണാ മിഷനിലെ ഒരു വിഭാഗം സന്യാസിമാര്‍ മഠത്തിന്റെ മേധാവിമാര്‍ക്ക് കത്ത് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്.