സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ പണപ്പെരുപ്പവും

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഉടന്‍ മറികടക്കാനാവില്ലെന്ന സൂചനയിലേക്കാണ് പണപ്പെരുപ്പ നിരക്കിലെ വര്‍ധന വിരല്‍ചൂണ്ടുന്നത്. ഡിസംബറില്‍ 5.54 ശതമാനത്തില്‍നിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. 2014 ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.

റിസര്‍വ് ബാങ്കിന്റെ പരിധിയും മറികടന്നാണ് പണപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നത്. ആറ് ശതമാനമാണ് റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. പണപ്പെരുപ്പം 40 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട ചില്ലറ പണപ്പെരുപ്പ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പച്ചക്കറിയടക്കമുള്ള ഭക്ഷ ഉല്‍പന്നങ്ങളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.