അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ ; ഡല്‍ഹിയില്‍ ആംആദ്മിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു ആംആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്നും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ ഗഞ്ചില്‍ നിന്നും വീണ്ടും ജനവിധി തേടും.
ഡല്‍ഹി നിയമസഭയിലെ ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ആംആദ്മി പാര്‍ട്ടി പ്രഖാപിച്ചത്. 46 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ടിക്കറ്റ് നല്‍കി. പ്രവര്‍ത്തനം മോശമാണെന്ന വിലയിരുത്തലില്‍ 15 പേര്‍ക്ക് സീറ്റ് നിഷേധിച്ചു. പാര്‍ട്ടിയെ മികച്ച നിലയിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അതിഷി മെര്‍ലേന കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കും. ഇത്തവണ ആകെ 8 വനിതകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖാപിക്കും.
അതേസമയം തങ്ങളുടെ സ്ഥാനാര്‍ഥി പട്ടികയും അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി പാര്‍ട്ടി നേതൃത്വം. എന്നാല്‍ എന്‍ഡിഎ ഘടകകക്ഷി യായ ലോക്ജനശക്തി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി 15 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സും സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്.14 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണ യായതായാണ് വിവരം.