ആലപ്പുഴ നഗരത്തിലെ സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രഭാതഭക്ഷണവും
രാജ്യത്തു തന്നെ ആദ്യം എന്ന നിലയില്‍ ആലപ്പുഴ നഗരത്തിലെ സ്‌കൂളുകളില്‍ ഇനി പ്രഭാത ഭക്ഷണവും. ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിലുള്ള പ്രഭാത ഭക്ഷണ പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. നഗരസഭാ പരിധിയിലെ 40 സ്‌കൂളുകളിലെ കുട്ടികളാണ് പദ്ധതിയില്‍ പങ്കാളികളാകുന്നത്. LP , UP, ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആറു കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് കുട്ടികളുടെ ഭക്ഷണത്തിനുള്ള ചുമതല. സ്‌കൂള്‍ തുറക്കുന്ന സമയത്തു ഭക്ഷണം പാകം ചെയ്ത് എത്തിക്കും വിധമാണ് പ്രവര്‍ത്തനം.
പാവപ്പെട്ട കുട്ടികള്‍, രാവിലെ പതിവായി ഭക്ഷണം കഴിക്കാതെ എത്തുന്ന കുട്ടികള്‍, വീടുകളിലെ സാഹചര്യം മൂലം രാവിലെ ഭക്ഷണം കഴിക്കാന്‍ പറ്റാത്തവര്‍ എന്നിങ്ങനെ ഉള്ളവരില്‍ നിന്ന് രണ്ടുമാസം നീണ്ട നിരീക്ഷണത്തില്‍ നിന്നാണ് അര്‍ഹരായ കുട്ടികളുടെ പട്ടിക തയ്യാറാക്കിയത്. പുട്ട്, ദോശ, ഇഡലി എന്നിവയ്‌ക്കൊപ്പം ആഴ്ചയില്‍ ഒരിക്കല്‍ അപ്പവും മുട്ടയും കുട്ടികള്‍ക്കായി നല്‍കും. ശനിയാഴ്ച ദിവസങ്ങളില്‍ സ്പെഷ്യല്‍ വിഭവങ്ങളും ഉണ്ടാകും.