ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു
അന്യായ തടങ്കലില്‍ ആയിരുന്ന ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ അടുത്ത നാലാഴ്ച ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ആസാദിന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഹര്‍ജിത് സിംഗ് ഭാട്ടിയ രംഗത്തെത്തിയിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാമസ്ജിദില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടികളെ തീസ് ഹസാരി കോടതി ഇന്നലെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പ്രതിഷേധം മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജുമാമസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്ന് വിമര്‍ശിച്ചിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.