നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍

കോളിളക്കം സൃഷ്ട്ടിച്ച നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്നു വിവരങ്ങള്‍. പ്രതികളിലൊരാളായ മുകേഷ് കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഡല്‍ഹി സര്‍ക്കാരും പൊലീസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിംഗിന്റെ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യമറിയിച്ചത്. മരണ വാറണ്ട് നടപ്പാക്കുന്നതിന് മുന്‍പ് ദയാഹര്‍ജിയില്‍ തീരുമാനമുണ്ടായിരിക്കണമെന്നാണ് ജയില്‍ ചട്ടം പറയുന്നത്.

വിധി വന്ന് രണ്ടര വര്‍ഷമായിട്ടും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ വൈകിപ്പിച്ചത് എന്തിനെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. പ്രതികള്‍ പല തവണകളായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് നിയമത്തിന്റെ നടപടി ക്രമത്തെ പരാജയപ്പെടുത്താന്‍ എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ വാദിച്ചു. മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെ മുകേഷ് സിം?ഗ് ഇന്നലെ തന്നെ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹര്‍ജിക്ക് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

ജനുവരി 21ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കുന്നതിനായി കീഴ് കോടതിയെ സമീപിക്കും. ദയാഹര്‍ജി തള്ളിയ ശേഷം പ്രതികള്‍ക്ക് 14 ദിവസം നല്‍കണമെന്നാണ് നിയമം പറയുന്നത്- സര്‍ക്കാര്‍ വ്യക്തമാക്കി.
ജനുവരി 22-ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. വിനയ് ശര്‍മ്മയ്ക്കും, മുകേഷിനും പുറമേ പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22ന് തൂക്കിലേറ്റാനാണ് നിലവിലെ മരണ വാറണ്ട്. കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.