എന്‍ ആര്‍ സി നടപ്പാക്കില്ല എന്ന് തെലങ്കാന

തെലങ്കാനയില്‍ എന്‍ ആര്‍ സി നടപ്പാക്കില്ല എന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലി. തെലങ്കാനയില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നതായി പറഞ്ഞ അദ്ദേഹം അടിച്ചമര്‍ത്തമെപ്പട്ട ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ പൗരത്വം തെളിയിക്കണമെന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് മാത്രമല്ല ലോകമാകമാനം അടിച്ചമര്‍ത്തപ്പെടുന്ന ഹിന്ദുകള്‍ക്ക് പൗരത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ആദ്യമായാണ് NRC വിഷയത്തില്‍ തെലങ്കാന പരസ്യമായി ഒരു നിലപാട് വ്യക്തമാക്കുന്നത്.

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയോട് ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് മഹ്മൂദ് അലി വ്യക്തമാക്കി. ഈ രാജ്യത്തെ ജനങ്ങളെ എന്തിനാണ് ലക്ഷ്യംവെക്കുന്നത്? അവരെ ബുദ്ധിമുട്ടിലാക്കുന്നത്? കാലങ്ങളായി ഇവിടെ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ ആവശ്യമില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. എല്ലാവരും ജനന സര്‍ട്ടിഫിക്കറ്റുമായി നടക്കുന്നവരല്ല. എന്തെങ്കിലും തെളിയിക്കുന്നതിന് വേണ്ടി ജനന സര്‍ട്ടിഫിക്കിറ്റ് ജനങ്ങള്‍ സൂക്ഷിച്ച് വെക്കാറില്ല. -അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരാണ് പാര്‍ട്ടിയെന്ന് തെലങ്കാന ഐടി മന്ത്രിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനുമായ കെ.ടി.രാമറാവും നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം മുഖ്യമന്ത്രി ഇതുവരെ പൗരത്വ നിയമ ഭേദഗതിയെപ്പെറ്റി പ്രതികരിച്ചിട്ടില്ല. കേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ എഎന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.