സംസ്ഥാനത്തു ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്ക് നേര്‍

സംസ്ഥാനത്തു ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്ക് പോര് തുടരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കിയത്. ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ല. നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു എന്നാണ് പിണറായി പറഞ്ഞത്.

എന്നാല്‍, സംസ്ഥാന സര്‍ക്കാറിനു മുകളില്‍ അങ്ങനെ ഒരു പദവിയില്ല. ഭരണഘടനയെക്കുറിച്ച് അറിയാത്തവര്‍ അത് വായിച്ച് പഠിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത്എ ല്‍ഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. താന്‍ റബര്‍ സ്റ്റാംപ് അല്ല. ആരും നിയമത്തിന് അതീതരല്ലെന്നും തന്നെ അറയിക്കാതെ പൗരത്വ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിച്ചത് പ്രോട്ടോക്കാള്‍ ലംഘനമാണെന്നും ഇത് മാധ്യമങ്ങളില്‍ കൂടി അല്ല അറിയേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചിരുന്നു.

മാത്രമല്ല, ഓര്‍ഡിനെന്‍സില്‍ ഒപ്പുവെയ്ക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഫയല്‍ ലഭിച്ചതനുസരിച്ച് സംശയങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, നിയമസഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ രാഷ്ട്രീയ ഉദ്ദേശത്തെയും അദ്ദേഹം പരോക്ഷമായി ഉന്നയിച്ചിരുന്നു.