നിര്‍ഭയ കേസ് ; പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നതിന് സ്റ്റേ. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു. ദയാഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ മരണവാറണ്ടിന് സ്റ്റേ നല്‍കുകയാണെന്ന് കോടതി പറഞ്ഞു. ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാര്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു.

നിര്‍ഭയാ കേസ് പ്രതി മുകേഷ് സിംഗാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളിയാല്‍ പതിനാല് ദിവസത്തെ നോട്ടീസ് പിരീഡ് പ്രതികള്‍ക്ക് നല്‍കണം. രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നീട്ടിവയ്ക്കണമെന്ന് മുകേഷ് സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.