ലാന്‍ഡിംഗിനിടെ വിമാനത്തില്‍ പട്ടം തട്ടി ; ഒഴിവായത് വന്‍ ദുരന്തം ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് ഒഴിവായത് വന്‍ ദുരന്തം. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ പട്ടം തട്ടുകയായിരുന്നു. പൈലറ്റിന്റെ സമയോജിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മാലിദ്വീപില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാലിദ്വീപ് എയര്‍ലൈന്‍സിന്റെ എയര്‍ ബസ് 320 ആണ് വ്യോമപാതയില്‍ പട്ടങ്ങളില്‍ തട്ടിയത്. മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനും പരുത്തിക്കുഴിക്കും മധ്യേയുള്ള വ്യോമപാതയിലായിരുന്നു അപകടമുണ്ടായത്.
ലാന്‍ഡിംഗിനൊരുങ്ങിയ വിമാനത്തിന്റെ എഞ്ചിനിലാണ് പട്ടം തട്ടിയത്. ഇതു കാരണം വിമാനത്തിന് തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റ് വിമാനം ചെറുതായി ചരിച്ചതിന് ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു. അതിനുശേഷം എയര്‍ ട്രാഫിക്ക് കണ്ട്രോള്‍ ടവറില്‍ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വിമാനത്താവള അധികൃതരുടെ പരാതിയില്‍ പോലീസ് വലിയതുറ, മുട്ടത്തറ സ്വീവേജ് ഫാം, പൊന്നറ സ്‌കൂള്‍, പരുത്തിക്കുഴി തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
വ്യേമാപാതയില്‍ പട്ടം പറത്തുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് തുടരുന്നതായി റിപ്പോര്‍ട്ടുണ്ടെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. അതുപോലെ തന്നെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷി ശല്യവും രൂക്ഷമാവുകയാണ്. ഇതിനെതിരെ സര്‍ക്കാരോ അധികൃതരോ ഒരു നടപടിയും എടുക്കുന്നില്ല എന്ന് ആരോപണം നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്.