അബുദാബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു ആറു പേര്‍ മരിച്ചു

അബുദാബി ഷേയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിലാണ് അപകടം ഉണ്ടായത്. ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് ട്രക്ക് യാത്രക്കാരായ ആറ് പേര്‍ മരണപ്പെടുകയായിരുന്നു. അല്‍ റാഹ ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. 19 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ആറരയോടെ ദുബായ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ വേഗം കുറച്ചു. ഈ സമയം പിന്നാലെ വന്ന ബസ് ട്രക്കിന് പിന്നാലെ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു.

പിറകില്‍ വേഗതയിലെത്തിയ ബസിന് നിയന്ത്രണം തെറ്റി ട്രക്കില്‍ ഇടിച്ചു. ട്രക്കിന് മുന്നില്‍ പോയ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പറഞ്ഞു. അപകടത്തില്‍ ഇന്ത്യാക്കാര്‍ ആരും ഇല്ല എന്നാണ് ആദ്യ വിവരങ്ങള്‍.