വെള്ളാപ്പള്ളി നടേശന്‍ 1600 കോടി രൂപ തട്ടിയെന്ന് ടി പി സെന്‍കുമാര്‍

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഡിജിപി സെന്‍കുമാര്‍ രംഗത് . എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് വെള്ളാപ്പള്ളി നടേശന്‍ കോടിക്കണക്കിനു രൂപ തട്ടിയെന്ന് സെന്‍കുമാര്‍ ആരോപിക്കുന്നു. എസ്എന്‍ കോളജുകള്‍ വഴി എസ്എന്‍ഡിപിക്ക് 1600 കോടി ലഭിച്ചു. ഈ പണം എവിടെയാണന്ന് അറിയില്ല. എന്‍എന്‍ഡിപിയില്‍ കുടുംബാധിപത്യമാണെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഡിജെഎസ് മുന്‍ ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എസ്എന്‍ ട്രസ്റ്റിന്റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും വന്‍ അഴിമതിയാണ് നടക്കുന്നത്. വിദ്യാര്‍ത്ഥി പ്രവേശനവും അധ്യാപക നിയമനവും വഴി കണക്കറ്റ പണം ലഭിച്ചു. അഡ്മിഷനും നിയമനത്തിനും വാങ്ങിയ പണം കാണാനില്ല. റവന്യു ഇന്റലിജന്‍സും ആദായ നികുതി വകുപ്പും ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ പണമിടപാട് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഒരു പൈസയും അധികമായി ഉണ്ടാക്കരുതെന്നാണ് ഗുരു പറഞ്ഞത്. അതില്‍നിന്ന് 150 ഡിഗ്രി മാറിയാണ് എസ്എന്‍ഡിപി സഞ്ചരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. എസ്എന്‍ഡിപിയുടെ 1000 ശാഖകള്‍ വ്യാജമാണ്. 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധിയെന്നാണ് കണക്ക്. അംഗങ്ങളുടെ വോട്ടു നോക്കിയാല്‍ സമുദായ ജനസംഖ്യയേക്കാള്‍ കാണും. കള്ളവോട്ടാണ് കാരണം. മലബാര്‍ മേഖലയിലാണ് കള്ളവോട്ട് കൂടുതല്‍. ഇതിന്റെ രേഖകള്‍ ശേഖരിച്ചു വരികയാണ് – സെന്‍കുമാര്‍ പറഞ്ഞു. എസ്എന്‍ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യരീതിയിലേക്ക് എസ്എന്‍ഡിപി യോഗം വരണം. പുതിയ സംവിധാനം വേണം. ആരും രണ്ടു തവണയില്‍ കൂടുതല്‍ എസ്എന്‍ഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് ചുമതലകള്‍ നല്‍കരുത്. സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശം നല്‍കണം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം നിയമനം. എസ്എന്‍ കോളജുകളുടെ അവസ്ഥ വളരെ മോശമാണ്. അറ്റകുറ്റപ്പണികള്‍ക്ക് പണം ചെലവഴിക്കുന്നില്ല- സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.