നടിയെ ആക്രമിച്ച സംഭവം ; നടന്‍ ദിലീപിന്റെ വിചാരണയ്ക്ക് സ്റ്റേയില്ല

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമാ താരം ദിലീപിന്റെ വിചാരണയ്ക്ക് കോടതി സ്റ്റേ നല്‍കിയില്ല. കേന്ദ്ര ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സ്റ്റേ നല്‍കാത്തത്.

എന്നാല്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വരുന്നത് വരെ ക്രോസ് വിസ്താരം പാടില്ലെന്നും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലേക്കു കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതേ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

പ്രതിഭാഗത്തിനൊപ്പം ദൃശ്യങ്ങള്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ തയാറാക്കിയ ചോദ്യാവലികള്‍ക്കൊപ്പമാണു ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട് വിചാരണയുടെ ഈ ഘട്ടത്തില്‍ തെളിവായി സ്വീകരിക്കില്ലെങ്കിലും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനായി ഉപയോഗിക്കാനാകും.
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ വിചാരണ കോടതിയിലെത്തി ദിലീപ് പരിശോധിച്ചിരുന്നു.

ദിലീപ് കൊണ്ടുവന്ന സാങ്കേതിക വിദഗ്ധനും പ്രതിഭാഗം അഭിഭാഷകര്‍ക്കു0 ഒപ്പമായിരുന്നു പരിശോധന. സുപ്രീംകോടതിയാണ് ഇതിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് സംശയവും പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലേക്ക് ദൃശ്യങ്ങള്‍ അയച്ചത്. പരിശോധനയുടെ ചെലവ് ദിലീപ് വഹിക്കണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.