മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണ്ണര്‍

മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ .മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടലംഘനം നടത്തിയെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. കൃത്യമായ അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് പറഞ്ഞു.ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ വ്യക്തമാണ്,ഇതിനെ ക്കുറിച്ച് കോടതി വിധികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയില്‍ ഉറച്ച് നിന്ന് മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു,പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയില്‍ റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ കോടതിയില്‍ പോകും മുന്‍പ് അക്കാര്യം തന്നെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്,മുഖ്യമന്ത്രി ചട്ടലംഘനം നടത്തി.നിയമം മറ്റാരെക്കാളും ഉയരെയാണ്.സംസ്ഥാനം ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

ബ്രിട്ടിഷ് കൊളോണിയല്‍ വാഴ്ച്ചയല്ല ഇപ്പോഴെന്നും ഭരണഘടനയാണ് ഏറ്റവും ഉയരയെന്നും ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണ്ണറുടെ പദവി സര്‍ക്കാരിന് മുകളിലല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ല. നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു എന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍, സംസ്ഥാന സര്‍ക്കാറിനു മുകളില്‍ അങ്ങനെ ഒരു പദവിയില്ല. ഭരണഘടനയെക്കുറിച്ച് അറിയാത്തവര്‍ അത് വായിച്ച് പഠിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.