എസ്എഫ്ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത് , സംഘര്‍ഷം

കോട്ടയം സിഎംഎസ് കോളജിലാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. രണ്ട് വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് സംയുക്ത വിദ്യാര്‍ത്ഥി സഖ്യം രംഗത്തെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ക്യാംപസില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജിലെത്തിയപ്പോള്‍ സമരക്കാര്‍ ഗേറ്റ് അടച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ കാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിലായി. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. പൊലീസെത്തിയാണ് പ്രശ്നങ്ങള്‍ക്ക് അയവുവരുത്തിയത്. ഉച്ചയ്ക്ക് ശേഷം കോളജിന് അവധി പ്രഖ്യാപിച്ചു.