കേരളത്തില്‍ ലൗ ജിഹാദ് ; സിറോ മലബാര്‍ സഭാ പ്രമേയത്തെ തള്ളി ഡിജിപി

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന സിറോ മലബാര്‍ സഭാ പ്രമേയത്തെ തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്റ. രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ ലൗ ജിഹാദ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വ്യക്തമാക്കിയ ഡിജിപി, സീറോ മലബാര്‍ സഭയുടെ പരാതി പരിശോധിക്കുമെന്നും പറഞ്ഞു.

ലൗ ജിഹാദ് സംബന്ധിച്ച സിറോ മലബാര്‍ സഭയുടെ പരാമര്‍ശങ്ങളില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഡി ജി പിയോട് വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സഭാ സിനഡ് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഐ എസിലേക്ക് റിക്രൂട്ട് ചെയപ്പെട്ട പെണ്‍കുട്ടികളില്‍ പകുതിയിലധികവും ക്രിസ്തുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ടതാണെന്നും ഇതു സംബന്ധിച്ച അന്വേഷണത്തില്‍ സംസ്ഥാന പൊലീസ് വീഴ്ച വരുത്തിയെന്നുമായിരുന്നു പ്രമേയത്തില്‍ പറഞ്ഞിരുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നടപടിയുണ്ടാകമെന്നും വ്യക്തമാക്കുന്നുണ്ട്.

അതേസമയം സിറോ മലബാര്‍ സഭാ സിനഡിന്റെ ലൗ ജിഹാദ് സര്‍ക്കുലറിനെ ചൊല്ലി സഭയില്‍ ഭിന്നത രൂക്ഷമായി. സര്‍ക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തുവന്നു. പൗരത്വ നിയമത്തില്‍ രാജ്യം നിന്ന് കത്തുമ്പോള്‍ സിനഡ് എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്ന് മുഖപത്രം പറയുന്നു.

സിനഡ് സര്‍ക്കുലര്‍ ഒരു മതത്തെ ചെറുതാക്കുന്നതും അനവസരത്തില്‍ ഉള്ളതാണെന്നും സത്യദീപം ചൂണ്ടി കാട്ടുന്നു. ലൗ ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്.കര്‍ണ്ണാടക സര്‍ക്കാരും ഇത് അന്വേഷിച്ചു തള്ളിയതാണ്. ലവ് ജിഹാദ് ഉണ്ടെന്നു പറയാന്‍ സഭ എന്തു അന്വേഷണം നടത്തിയിട്ടുണ്ടെന്ന് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിനഡ് പ്രേമേയമെന്നും ലേഖനം ചോദിക്കുന്നു.

എറണാകുളം അങ്കമാലി വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടടന്റെ വരികള്‍ക്കിടയില്‍ എന്ന ലേഖനത്തിലാണ് സിനഡിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ സഭയുടെ നിലപാട് എന്തെന്നും നിയമത്തെ പിന്തുണച്ചു പി ഒ സി ഡയറക്ടര്‍ എഴുതിയ ലേഖനം ആര്‍ എസ് എസ് മുഖപത്രമായ ജന്മഭൂമിയില്‍ വന്നത് ആശങ്ക ഉണ്ടാക്കുന്നതായും ലേഖനം ചൂണ്ടി കാട്ടുന്നു. ഈ വിഷയത്തില്‍ കെസിബിസി മുന്‍ പ്രസിഡന്റ് ബിഷപ് സൂസപാക്യം ശക്തമായ നിലപാടെടുത്തപ്പോള്‍ ഇപ്പോഴത്തെ പ്രസിഡന്റായ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ലേഖനം കുറ്റപ്പെത്തുന്നു.