സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യില്‍ ലൈംഗിക പീഡനമെന്നു റിപ്പോര്‍ട്ട്
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യില്‍ കായികതാരങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. സായിയില്‍ ലൈംഗിക പീഡനം പതിവാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് പേരിനു മാത്രമാണെന്നും ദേശിയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സായിയിലെ മുന്‍ ഡയറക്ടരായ നീലം കപൂറാണ് ലൈംഗിക പീഡനങ്ങളെപ്പറ്റി തുറന്നു പറഞ്ഞത്. റിപ്പോര്‍ട്ടുകളില്‍ പറയുന്നതിനെക്കാള്‍ വളരെയധികം സംഭവങ്ങള്‍ അവിടെ നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ പരിശീലകരില്‍ നിന്ന് നിരന്തര ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. പക്ഷേ, അധികം ആളുകളും പരാതിപ്പെടുന്നില്ലെന്നും നീലം കപൂര്‍ പറഞ്ഞു.
രാജ്യത്ത് സായ്ക്കുള്ളത് 56 പരിശീലക കേന്ദ്രങ്ങളാണ്. ഏതാണ്ട് 15,000ത്തോളം കായിക താരങ്ങളാണ് ഇവിടെ പരിശീലനം നടത്തുന്നത്. പല കായിക താരങ്ങള്‍ക്കും പരിശീലനത്തിനുപരി കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി കൂടിയാണ് സായ്. താമസം, ഭക്ഷണം, കായിക ഉപകരണങ്ങള്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ സംവിധാനങ്ങളും സായില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ അത് പലപ്പോഴും മറച്ചു വെക്കുകയാണെന്നും നീലം കപൂര്‍ പറയുന്നു.
തങ്ങളുടെ കായികഭാവി അപകടത്തിലാവും എന്ന ഭയമാണ് പരാതിപ്പെടുന്നതില്‍ നിന്ന് പലരെയും വിലക്കുന്നത്. താരങ്ങള്‍ പരാതി നല്‍കിയാല്‍ തന്നെ അന്വേഷണം കാര്യക്ഷമമായി നടക്കാറില്ല. നാലും അഞ്ചു വര്‍ഷങ്ങളെടുത്താണ് ഒരു പരാതിയില്‍ നടപടി ഉണ്ടാവുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് സ്ഥലം മാറ്റം, പെന്‍ഷനില്‍ നിന്ന് ചെറിയ തുക കുറക്കല്‍ എന്നിങ്ങനെ നിസ്സാരമായ ശിക്ഷ മാത്രമാണ് ലഭിക്കുന്നത്.