വെള്ളവും വൈദ്യുതിയും സൗജന്യം ; ഡല്‍ഹി വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി
ജനങ്ങള്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. സൗജന്യ വൈദ്യുതി, 24 മണിക്കൂറും കുടിവെള്ളം, ശുചിത്വം, രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസം ഉള്‍പ്പെടെയാണ് ആംആദ്മി മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങള്‍. ഇലക്ഷന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചത്.
ഡല്‍ഹി മെട്രോ 500 കിലോമീറ്റര്‍ കൂടി വ്യാപിപ്പിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. ചേരി നിവാസികള്‍ക്ക് വീട് വച്ച് നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യയാത്ര ഏര്‍പ്പെടുത്തുമെന്നും കെജ്രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമായ വാഗ്ദാനങ്ങളല്ല പ്രഖ്യാപിച്ചതെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. പ്രകടനപത്രിക ഉടന്‍ പുറത്തിറക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
അതേസമയം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പിണറായി വിജയനെ പ്രചരണത്തിന് വിളിക്കുമെന്നാണ് വിവരം.പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഭിച്ച രാഷ്ട്രീയ മേല്‍ക്കൈ ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആംആദ്മിയുടെ നീക്കം. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖ്യാപിക്കും.