കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന വാദത്തില്‍ ഉറച്ചു സിറോ മലബാര്‍ സഭ. ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് സഭ ലൗ ജിഹാദിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നുണ്ട്.
ജനുവരി 14നാണ് ഇത് സംബന്ധിച്ച് സഭ ആദ്യമായി പ്രസ്താവന പുറത്തിറക്കുന്നത്. കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് സിറോ മലബാര്‍ സഭ സിനഡിന്റെ വിലയിരുത്തല്‍. പ്രണയം നടിച്ച് ബ്ലാക് മെയിലിംഗ് മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നായിരുന്നു സഭ പറഞ്ഞത്. മെത്രാന്‍ സിനഡ് നടക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തിയുമാണ് മത പരിവര്‍ത്തനം നടത്തുന്നതെന്നും സിനഡ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രണയക്കിരുക്കില്‍പ്പെട്ട് പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തം ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു പരാമര്‍ശം സിറോ മലബാര്‍ സഭ നടത്തിയത്. എന്നാല്‍ ഇതിനെതിരെ ഡി ജി പിയും സഭയിലെ ഒരു വിഭാഗവും രംഗത് വന്നിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് ഇല്ല എന്നാണ് ഡി ജി പി ലോക് നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞത്. അതിനുപിന്നാലെയാണ് ഇപ്പോള്‍ ഇടയ ലേഖനം പുറത്തു വന്നിരിക്കുന്നത്.