ആന്ധ്രാപ്രദേശിന് ഇനി മൂന്ന് തലസ്ഥാനം ; ബില്ലിന് മന്ത്രിസഭ അംഗീകാരം

കനത്ത എതിര്‍പ്പുകള്‍ക്ക് ഇടയിലും ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം എന്ന ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വിശാഖപട്ടണം, അമരാവതി, കുര്‍ണൂല്‍ എന്നിവയാണ് ഇനി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനങ്ങളാകുക. അമരാവതിയെ പ്രത്യേക തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ചട്ടം റദ്ദാക്കിക്കൊണ്ടാണ് മന്ത്രിസഭയുടെ തീരുമാനം.

അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റുന്നതില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സര്‍ക്കാരിന്റെ നടപടി. തലസ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം അറസ്റ്റ് വരിച്ചിരുന്നു.

കൂടാതെ എതിര്‍പ്പുമായി രംഗത്ത് വന്ന സിപിഐഎം, സിപിഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിഭജനത്തിനു ശേഷം ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അമരാവതിയില്‍ തലസ്ഥാനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഹൈക്കോടതിയടക്കം ഇവിടെ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ മറ്റ് കെട്ടിടങ്ങളുടെ നിര്‍മാണം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.