ചൈനയില്‍ അജ്ഞാത വൈറസ് ; ബാധിച്ചവരില്‍ ഇന്ത്യന്‍ അധ്യാപികയും
അജ്ഞാത വൈറസ് പടര്‍ന്നു പിടിക്കുന്ന ചൈനയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയായ പ്രീതി മഹേശ്വരി (45) ആണ് പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.ചൈനയില്‍ പടരുന്ന അജ്ഞാത വൈറസ് ബാധിക്കുന്ന ആദ്യ വിദേശിയും ഈ അധ്യാപികയാണ്. വൈറസ് ബാധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പ്രീതി മഹേശ്വരിയുടെ ഭര്‍ത്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രീതി മഹേശ്വരി കഴിയുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു.ഭാര്യ അബോധാവസ്ഥയിലാണ് കഴിയുന്നതെന്നും രോഗം ഭേദമാകാന്‍ ദീര്‍ഘകാലം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഖോവല്‍ വ്യക്തമാക്കി.
1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അധികൃതര്‍മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കടുത്ത ന്യുമോണിയയാണ് രോഗലക്ഷണം. 2002 – 2003 വര്‍ഷങ്ങളില്‍ ചൈനയിലും ഹോങ്കോങ്ങിലും കൊറോണ വൈറസ് സാര്‍സ് രോഗംമൂലം 770 -ലേറെപ്പേരാണ് മരിച്ചത്.