മടക്കയാത്ര: അവസാനഭാഗം
പ്രവാസത്തിന്റെ വീഥിയില്‍ ലഭിച്ച കുറച്ചു അനുഭവങ്ങള്‍ കോര്‍ത്തെടുത്ത ഈ നോവലറ്റിന്റെ അവസാന ഭാഗം വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു…
സ്‌നേഹപൂര്‍വ്വം
പോള്‍ മാളിയേക്കല്‍
മടക്കയാത്ര ഒന്നാം ഭാഗം ഇവിടെ വായിക്കാം
മടക്കയാത്ര രണ്ടാം ഭാഗം ഇവിടെ വായിക്കാം
നാലു വയസുമുതല്‍ ആസ്തമ പിടിപെട്ട ഫ്രഡിയ്ക്ക് ഒരുപാട് ചികിത്സകള്‍ ചെയ്തു. ഒന്നിലും ഫലം കിട്ടിയില്ല. രണ്ടുമാസം ശമ്പളമില്ലാതെ ലീവ് എടുത്ത് അവന്റെ ചികിത്സയ്ക്കായി നാട്ടില്‍ പോയി. ആയുര്‍വേദ ചികിത്സയാണ് അല്‍പം ഭേദമുണ്ടാക്കിയത്. രണ്ടുവര്‍ഷമെങ്കിലും തുടര്‍ചികിത്സ വേണമെന്നാണ് വൈദ്യന്‍ നിര്‍ദ്ദേശിച്ചത്. അധികകാലം നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തതുകൊണ്ട് വേണ്ടത്ര മരുന്നുകളുമായി തിരിച്ചുപോന്നു. പലതരം കഷായങ്ങള്‍, ലേഹ്യം, പഥ്യാഹാരം, നസ്യം, ഇങ്ങനെ പലതും നടത്തണമായിരുന്നു. തണുപ്പുരാജ്യമായതുകൊണ്ട് എണ്ണയുടെ പ്രയോഗം അധികം നടത്തിയില്ല.
അതിരാവിലെ വെറും വയറ്റില്‍ കഷായവും മറ്റുമരുന്നുകളും ആ ചെറുപ്രായത്തില്‍ അവനെ കുടിപ്പിക്കുക വളരെ പ്രയാസമായിരുന്നു. രോഗത്തിന് അല്‍പം ശമനം ഉണ്ടായതുകൊണ്ട് എങ്ങനെയെങ്കിലും നിര്‍ബന്ധിപ്പിച്ചു മരുന്ന് കഴിപ്പിക്കുമായിരുന്നു. വെയിലത്തോ തണുപ്പിന്റെ അധികനേരം കഴിയുകയോ കൂടുതല്‍ വിയര്‍ക്കുകയോ പാടില്ലായിരുന്നു. എല്ലാം നോക്കിനടത്താന്‍ പാടായിരുന്നു.
നാലു വര്‍ഷത്തോളം അവന്റെ ചികിത്സ തുടര്‍ന്നു. വര്‍ഷത്തിലൊരിക്കല്‍ വൈദ്യനെ കാണിക്കുമായിരുന്നു. ഏതാണ് തൊണ്ണൂറുശതമാനവും രോഗം മാറി. മരുന്നിന്റെ പ്രയോഗവും കുറച്ചു. സാധാരണ കുട്ടികളെപ്പോലെ എല്ലാ കാര്യങ്ങള്‍ ചെയ്യാനും സ്‌കൂളില്‍ പോകാനും തുടങ്ങി. മക്കളില്‍ അവനുവേണ്ടി ബുദ്ധിമുട്ടിയതുപോലെ മറ്റേ രണ്ടുപേര്‍ക്കും വേണ്ടിവന്നില്ല. ചെറുപ്പത്തിലേ രോഗി ആയതുകൊണ്ടും, ഇളയ മകനായതുകൊണ്ടും അവനു കൂടുതല്‍ ലാളന ലഭിച്ചിരുന്നു.
ചെറിയ കുട്ടികള്‍ക്ക് ചെറിയ പ്രശ്‌നവും, വലിയ കുട്ടികള്‍ക്ക് വലിയ പ്രശ്നവുമെന്നാണ് കേട്ടിരിക്കുന്നത്. അത് യാഥാര്‍ഥ്യമായി തോന്നി.
സ്‌കൂളില്‍ നിന്നും വന്നാല്‍ അവന്‍ നേരെ മുറിയില്‍ കയറി വാതിലടച്ചിരിക്കും. ഭക്ഷണം കഴിക്കാന്‍ വന്നെങ്കിലായി. നേരിട്ടുള്ള സംസാരം തന്നെ വിരളമായി. പോക്കറ്റ് മണി ചോദിക്കാന്‍ വേണ്ടിയാണ് തന്റെ മുമ്പില്‍ അവന്‍ പ്രത്യക്ഷനായത്. അവനില്ലാത്തപ്പോള്‍ മമ്മി അവന്റെ മുറിയില്‍കയറി മുഴിഞ്ഞ തുണികള്‍ എടുത്തുമാറ്റും. മുറി അടിച്ചുവാരും. പലപ്പോഴും മുറിയില്‍ പരതിനോക്കും. എന്തെങ്കിലും ലഹരിയോ മറ്റോ ഉണ്ടോ എന്നും നോക്കും. എന്തുകൊണ്ടാണ് അവന്‍ മൂകനായി നടക്കുന്നതെന്ന് പലപ്പോഴും സംശയിച്ചിരുന്നു.
വീട്ടില്‍ ആരുവന്നാലും അവന്‍ അറിയുകപോലുമില്ല. ഏതെങ്കിലും ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിളിച്ചാലും വരികയില്ല. ബന്ധുക്കളുമായി യാതൊരടുപ്പവും കാണിച്ചില്ല. പള്ളിയില്‍ പോകാന്‍ പറഞ്ഞാല്‍ യാതൊരു ഉത്തരവും ഉണ്ടാകിറില്ല. ചിലപ്പോള്‍ കുറച്ചുകൂട്ടുക്കാര്‍ വന്നുപോകുന്നതുകാണാം. അവര്‍ വരുമ്പോഴാണ് ആ മുറിയില്‍ നിന്ന് എന്തെങ്കിലും ശബ്ദം പുറത്ത് കേള്‍ക്കുന്നത്.
അവന്‍ എന്താണ് ഇങ്ങനെ…എന്തുചോദിച്ചാലും ഒന്നിനുമുത്തരമില്ല, എല്ലാം നന്നായി പോകുന്നു എന്ന ഉത്തരം മാത്രം. ഒരിക്കലെങ്കിലും മക്കളുമായി ഒരുമിച്ചിരുന്നു സംസാരിക്കാനോ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനോ, മനസുതുറക്കാനോ ഇതുവരെ കഴിഞിട്ടില്ല….സമയം മുന്നോട്ടു കുതിച്ചു…
—————————————————–
ജന്മനാടിനെക്കുറിച്ചു പിന്നെയും ഓര്‍മ്മകള്‍ ഓടിയെത്തി. സ്ത്രീധനമായി കിട്ടിയ കുറെ സ്ഥലം മലബാറിലുണ്ടായിരുന്നു. നാട്ടില്‍ സ്വന്തമായി ഒരുവീടുവേണമെന്ന് മക്കളെപ്പോലെ ഞങ്ങള്‍ക്കും ആഗ്രഹമുണ്ടായി. മലബാറിലെ സ്ഥലം വിറ്റുകിട്ടിയ പണം കൊണ്ട് വിട്ടുവീടുപണിയാന്‍ തീരുമാനിച്ചു. മക്കള്‍ ചെറുതായിരുന്നെങ്കിലും അവര്‍ക്കു ഓരോരുത്തര്‍ക്കും പ്രത്യേകം ഒരുക്കിയ മുറികള്‍ വേണം, രണ്ടു നിലകള്‍ പണിയണം, വലിയ മുറ്റം വേണം അങ്ങനെ പല ആവശ്യങ്ങളും മുന്നോട്ടുവന്നു. ഒടുവില്‍ മക്കളുടെ ആവശ്യത്തിന് അനുസരിച്ചു പണിയാം എന്ന് തീരുമാനിച്ചു.
പുതിയ വീട്, പുതിയ അന്തരീഷം.. എല്ലാം മക്കള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം നല്‍കി.
വര്‍ഷം ഇരുപതു കഴിഞ്ഞു. എന്തിനാണ് ഒരു വലിയ തുക മുടക്കി ആ വലിയ വീട് പണിയിച്ചതു. ആര്‍ക്കുവേണ്ടി ആയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയെങ്കിലായി. നാട്ടില്‍ ചെല്ലുമ്പോള്‍ വീട് അടിച്ചുതുടയ്ക്കാന്‍ തന്നെ ഒരാഴ്ച വേണം. മക്കള്‍ ആ വീട്ടിലേയ്ക്ക് തിരിഞ്ഞു നോക്കിയില്ല.
മലബാറില്‍ ഉരുള്‍പൊട്ടലില്‍ വീട് ഒലിച്ചുപോയ പെങ്ങളും അളിയനുമാണ് ഇപ്പോള്‍ അവിടെ താമസം. അവര്‍ തിരിച്ചുപോകുന്ന ലക്ഷണമൊന്നുമില്ല. ഇനി നാട്ടില്‍ ചെല്ലുമ്പോള്‍ അവിടെ ഒരു മുറിയെങ്കിലും ഞങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുമോന്നറിയില്ല.
—————————————————–
നാട്ടില്‍ എന്തെല്ലാം ആഘോഷങ്ങളാണ്. എല്ലാം ടെലിവിഷനില്‍ കാണാന്‍ മാത്രം തോന്നും. നാട്ടില്‍ ചെന്നാല്‍ അയല്പക്കങ്ങളുടെ കൂട്ടായ്മയില്ല. ആരുമായും കാര്യമായ സമ്പര്‍ക്കങ്ങളുമില്ല. എല്ലാവരും അവരവരുടെ കാര്യങ്ങളുമായി തിരക്കിലായിരിക്കും. പുതുതലമുറയിലെ ആരെയും അറിയില്ല. അറിഞ്ഞാലും അറിയാത്ത ഭാവം കാട്ടിയിരുന്നു. ഞായറാഴ്ച പള്ളിയില്‍ പോയാല്‍ കുര്‍ബാന കഴിഞ്ഞു അപ്പച്ചന്റെയും അമ്മച്ചിയുടെയും കുഴിമാടത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കും. തിരിച്ചുവരുമ്പോള്‍ എല്ലാവരും ഈ വിദേശികളെ തുറിച്ചുനോക്കുന്നുണ്ടാകും.
—————————————————–
ഹൈലിയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അല്‍പം മയങ്ങിപ്പോയി. അവള്‍ക്കു പുറത്തുപോകേണ്ട സമയമായി. തണുപ്പും കാറ്റുമുള്ളതുകൊണ്ടു നന്നായിട്ടു ഡ്രസ്സ് ചെയ്യാതെ പുറത്തിറങ്ങുവാന്‍ പറ്റില്ല. അതുവരെ അവള്‍ കിണുങ്ങി കൂടെ നടക്കും. പിന്നെ അവളുമായി പുറത്തിറങ്ങും. അങ്ങനെ ഒരു മണിക്കൂര്‍ നടത്തവും അവളോടൊത്ത് സംസാരിച്ചും ഉല്ലസിച്ചും സമയം പോകുന്നതറിയില്ല.
സ്വന്തം മക്കളെക്കാള്‍ സ്‌നേഹം തോന്നുന്നു അവളോട്. ഒരു നായയായി പിറന്നെകിലും അവള്‍ ഒരു മാലാഖയാണ്. തന്റെ കാവല്‍മാലാഖ. അത്രമാത്രം സ്‌നേഹമാണ് അവള്‍ക്കു തന്നോട്.
ഓട്ടവും ചാട്ടവും കഴിഞ്ഞാല്‍ അവള്‍ തന്നെ വീട്ടിലേയ്ക്കു തിരിക്കും. അവളുടെ പിന്നാലെ ഓടിച്ചെല്ലാന്‍ അവള്‍ പല ആംഗ്യങ്ങളും കാണിക്കും, ഒരു പേരകുട്ടിയെപ്പോലെ. ആ ഭാഗ്യം നഷ്ട്ടപ്പെട്ട ഞങ്ങള്‍ക്ക് ഹൈലി എല്ലാമാണ്.
ജീവിതം എന്താണെന്ന് പഠിക്കാന്‍ വളരെ വൈകിപ്പോയി. സ്‌നേഹിച്ചവര്‍ അകന്നുപോയപ്പോള്‍ കൂട്ടിനായി മനസറിഞ്ഞു സ്‌നേഹിച്ചത് ഹൈലി മാത്രം. അവള്‍ മാത്രം!
ഇനി എവിടേയ്ക്കാണ് ഒരു മടക്കയാത്ര…?
(അവസാനിച്ചു)