ദീപിക പദുക്കോണിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രിയദര്‍ശന്‍

കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി പിന്തുണച്ചു സിനിമാ സംവിധായകന്‍ പ്രിയദര്‍ശന്‍. പൗരത്വ ഭേദഗതിക്കെതിരായ സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയില്‍ പ്രിയദര്‍ശന്‍ വിമര്‍ശിക്കുന്നു. സിനിമാക്കാര്‍ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് ചോദിച്ച പ്രിയദര്‍ശന്‍ വിഷയത്തെപ്പറ്റി ഇവര്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടോ എന്നും ചോദിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സന്ദര്‍ശിച്ച ദീപിക പദുക്കോണിനെയും പ്രിയദര്‍ശന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ്സു തുറന്നത്.

”നിങ്ങള്‍ക്ക് പറയാനുള്ളത് സിനിമയിലൂടെ പറയൂ. രാജ്യത്തിന്റെ രാഷ്ട്രീയ ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന സിനിമകള്‍ സൃഷ്ടിക്കൂ. നിങ്ങളെപ്പറ്റി ആളുകള്‍ സംസാരിക്കാന്‍ വേണ്ടി മാത്രം നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിക്കരുത്. വാര്‍ത്തകളില്‍ ഇടം നേടാന്‍ ഈ രണ്ട് പേരെയും വിമര്‍ശിച്ചാല്‍ മാത്രം മതിയെന്ന പ്രവണത സങ്കടകരമാണ്.”- പ്രിയദര്‍ശന്‍ പറഞ്ഞു.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെ പ്രിയദര്‍ശന്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നതു കൊണ്ട് അദ്ദേഹത്തിന് എന്താണ് ലഭിക്കുന്നത്? രാജ്യത്തിന്റെ ചിന്താശേഷിയെ മാറ്റിമറിക്കാന്‍ കെല്പുള്ള ലോകത്തിലെ തന്നെ ഏറ്റവും ശക്തിയുള്ള മാധ്യമങ്ങളില്‍ പെട്ട സിനിമ അദ്ദേഹത്തിനുണ്ട്. സര്‍ക്കാരിനെ സിനിമയിലൂടെ വിമര്‍ശിക്കുന്നതിനു പകരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധ കിട്ടാനാണ്.

അദ്ദേഹം സൃഷ്ടിക്കുന്ന സിനിമകള്‍ പലരും ചിന്തിക്കുന്നത് റിയലസ്റ്റിക് ആണെന്നാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോലം അതൊക്കെ ലൈംഗികതയും അക്രമവുമാണ്. അനുരാഗ് കശ്യപിനെപ്പോലുള്ളവര്‍ വായടക്കണം. പ്രതിഷേധം എല്ലാവരുടെയും മൗലികാവകാശമാണ്. പക്ഷേ, അമിത് ഷാക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും തുറന്നടിക്കുന്നത് ഈ മൗലികാവകാശത്തിന്റെ ദുരുപയോഗമാണ്.”- പ്രിയദര്‍ശന്‍ പറഞ്ഞു.

നേരത്തെ നടി കങ്കണയും കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചു രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാരുമായി വളരെയധികം അടുപ്പമുള്ള ഒരാളാണ് പ്രിയദര്‍ശന്‍. തന്റെ പുതിയ സിനിമയായ കുഞ്ഞാലി മരയ്ക്കരിന്റെ തിരക്കിലാണ് പ്രിയന്‍ ഇപ്പോള്‍.