പെരിയാര്‍ വിവാദം ; മാപ്പ് പറയില്ല എന്ന് രജനികാന്ത്
പെരിയാര്‍ വിവാദത്തില്‍ താന്‍ മാപ്പ് പറയില്ല എന്ന് വ്യക്തമാക്കി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. പെരിയാറിനെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ പേരില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്നും രജനീകാന്ത് പറഞ്ഞു.
നവോത്ഥാന നായകനായ പെരിയാറിനെ പച്ചനുണകള്‍ പ്രചരിപ്പിച്ച് രജനീകാന്ത് അപമാനിച്ചുവെന്ന പേരില്‍ ചില ദ്രാവിഡ പാര്‍ട്ടികള്‍ രംഗത്തെത്തിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താരത്തിനെതിരെ പലഭാഗത്തു നിന്നും പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി രജനി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 14ന് ഒരു മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങിനിടെ രജനി നടത്തിയ ചില പ്രസ്താവനകളാണ് വിവാദങ്ങള്‍ക്കടിസ്ഥാനം. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടാന്‍ പെരിയാറിന്റെ നേതൃത്വത്തില്‍ 1971ല്‍ സേലത്ത് നടത്തിയ റാലിയില്‍ സീതയുടെയും രാമന്റെയും നഗ്‌നചിത്രങ്ങള്‍ ചെരുപ്പ് മാല അണിയിച്ചാണ് ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്.
ഇതിനെതിരെ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) എന്ന പാര്‍ട്ടിയാണ് രംഗത്തെത്തിയത്.താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയ ഇവര്‍ രജനീകാന്ത് നിരുപാധികം മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ‘ഞാന്‍ എന്തിനെക്കുറിച്ച് പറഞ്ഞോ അതിപ്പോള്‍ വിവാദമായിരിക്കുകയാണ്. ഹിന്ദുവിലും ഔട്ട്‌ലുക്കിലും പ്രിന്റ് ചെയ്ത് വന്ന കാര്യങ്ങള്‍ വായിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അല്ലാതെ എന്റെ ചിന്തകളില്‍ നിന്നുണ്ടായ കാര്യങ്ങളല്ല… ഭാവനയില്‍ മെനഞ്ഞ് ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിക്കാനും തയ്യാറല്ല.. ഞാന്‍ കണ്ടത് ഞാന്‍ പറയുന്നു അതുപോലെ അവര്‍ കണ്ടത് അവരും..’ എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.