ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം അയയുന്നു ; വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമില്ല

കനത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം അയയുന്നു. വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ഈ ചോദ്യങ്ങള്‍ ഒഴിവാക്കിയിരുന്നു.

മാതാപിതാക്കളുടെ ജനന സ്ഥലം, തിയതി എന്നിവയ്ക്ക് മറുപടി നിര്‍ബന്ധമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്‍പിആറില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആശയവിനിമയം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് പുതിയ ചോദ്യങ്ങളാണ് എന്‍പിആറില്‍ ഉണ്ടായിരുന്നത്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കേണ്ടതില്ല എന്നാണു ഇപ്പോള്‍ കേന്ദ്രത്തിന്റെ നിലപാട്.

എന്‍പിആറിലെ വിവാദ ചോദ്യങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ആശങ്കയറിയിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള മുന്നോടിയായാണ് എന്‍പിആറില്‍ ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സംസ്ഥാനങ്ങള്‍ അറിയിച്ചത്. തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്രം പുതിയ നിലപാട് എടുത്തത്.

നേരത്തെ, കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ എന്‍പിആറിനെ വിമര്‍ശിച്ചിരുന്നു. കേരളം പേരിന് വേണ്ടി പങ്കെടുത്തെങ്കിലും പശ്ചിമ ബംഗാള്‍ പൂര്‍ണമായി വിട്ടുനിന്നു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍പിആര്‍ വിവരശേഖരണ രീതിയെ വിമര്‍ശിച്ചു. രക്ഷിതാക്കളുടെ ജന്മസ്ഥലം എന്നിവ പോലെയുള്ള ചോദ്യങ്ങളെ രാജസ്ഥാനും മറ്റ് ചില സംസ്ഥാനങ്ങളും ചോദ്യം ചെയ്തു. തങ്ങള്‍ ജനിച്ചത് എവിടെ ആണെന്ന് അറിവില്ലാത്തവരുണ്ട്. അവരോട് മാതാപിതാക്കളുടെ ജനന സ്ഥലം ചോദിക്കുന്നത് മണ്ടത്തരമാണെന്ന് സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെട്ടു.