നേപ്പാളില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ എല്ലാവരെയും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ചെമ്പഴന്തി ചെങ്കോട്ടുകോണം സ്വദേശികള്‍ ആണ് മരിച്ചത്. രണ്ട് ദമ്പതികളും ഇവരുടെ നാല് കുട്ടികളുമാണ് മരിച്ചത്.

പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), ടി.ബി.രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രവീണിന്റെ രണ്ടാമത്തെ കുട്ടി ആര്‍ച്ചയാണ് ആശുപത്രിയില്‍ ഉള്ളത്.

രാവിലെ ഒന്‍പതു മണിയോടെയാണ് ഇവരെ അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. ഗ്യാസ് ഹീറ്ററിലെ വാതകം ചോര്‍ന്നാണ് അപകടം. മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടര്‍ന്നു വരികയാണ്.

വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. നാലു മുറികള്‍ ബുക് ചെയ്‌തെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരുമുറിയിലായിരുന്നു. എല്ലാ വാതിലുകളും ജനലുകളും ഉള്ളില്‍ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു എന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. മനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം ഉണ്ടായത്.