സൂര്യഗ്രഹണം നേരിട്ടുകണ്ട 15 പേരുടെ കാഴ്ച്ച നഷ്ടമായി

നഗ്‌നനേത്രങ്ങള്‍കൊണ്ട് സൂര്യഗ്രഹണം നേരില്‍ കണ്ട 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു എന്ന് വാര്‍ത്തകള്‍. രാജസ്ഥാനിലാണ് സംഭവം . 10 നും 20നും ഇടയില്‍ പ്രായമായുള്ളവര്‍ക്കാണ് സൂര്യഗ്രഹണം നഗ്‌നനേത്രങ്ങള്‍കൊണ്ട് കണ്ടതിനെ തുടര്‍ന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം ഉണ്ടാകുകയും തുടര്‍ന്ന് ചികിത്സ നേടുകയും ചെയ്യേണ്ടിവന്നത്.

ജയ്പൂരിലെ സവായ് മാന്‍ സിംഗ് (SMS) മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. ഇവരുടെ കാഴ്ച പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കണ്ട ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സൂര്യരശ്മികള്‍ നോക്കിയ ഇവരുടെ കണ്ണിലെ റെറ്റിനയുടെ ഒരു ഭാഗം കരിഞ്ഞ നിലയിലാണ്.

ഇത്തരം അവസ്ഥയ്ക്ക് ചികിത്സയില്ലെന്നും ഭാഗികമായിട്ടെങ്കിലും സുഖം പ്രാപിക്കാന്‍ ആറ് ആഴ്ചയോളം നീണ്ട ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡിസംബര്‍ 26 നായിരുന്നു സൂരുഗ്രഹണം നടന്നത്. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കാണരുത് എന്ന അറിയിപ്പ് അവഗണിച്ചവര്‍ക്കാണ് കാഴ്ച്ച നഷ്ടമായത്.