ഊബര്‍ ഈറ്റ്‌സിനെ സോമാട്ടോ വിഴുങ്ങി

രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ ഊബര്‍ ഈറ്റ്‌സിനെ മറ്റൊരു ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ ഊബറിനെ ഏറ്റെടുത്തത്. 2017ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഊബര്‍ ഈറ്റ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. ഇതേത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് തന്നെ സൊമാറ്റോ ഊബറിനെ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിലവില്‍ സൊമാറ്റോ, സ്വിഗ്ഗി, ഊബര്‍ ഈറ്റ്‌സ് എന്നീ മൂന്ന് ഭക്ഷണ വിതരണ ആപ്പുകള്‍ തമ്മിലുണ്ടായിരുന്ന ത്രികോണ മത്സരത്തില്‍ ഊബര്‍ ഈറ്റ്‌സിനു പിടിച്ചു നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. മാര്‍ക്കറ്റില്‍ സ്വിഗ്ഗി തുടരുന്ന അപ്രമാദിത്തം സൊമാറ്റോയ്ക്കും തലവേദനയായിരുന്നു. സ്വിഗ്ഗിയുടെ മാര്‍ക്കറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് സൊമാറ്റോയുടെ ഈ നീക്കത്തിനു പിന്നില്‍.

ഊബര്‍ ഈറ്റ്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഇന്ന് പുലര്‍ച്ചെ തന്നെ ഈ വിഷയം ചൂണ്ടിക്കാട്ടി ഇ-മെയില്‍ വന്നിരുന്നു. ഊബര്‍ ഈറ്റ്‌സ് ആപ്പിലും ഇത്തരത്തില്‍ സന്ദേശം വന്നിട്ടുണ്ട്. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലും ഊബര്‍ ഈറ്റ്‌സ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഡിലീറ്റ് ചെയ്യുകയാണെന്നും ഊബര്‍ ഈറ്റ്‌സ് ട്വിറ്റര്‍ അറിയിച്ചു.

എന്നാല്‍ ഇന്ത്യക്ക് പുറത്തു ഊബര്‍ ഈറ്റ്‌സ് പ്രവര്‍ത്തനങ്ങള്‍ തുടരും. അതുപോലെ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ള ഊബര്‍ ടാക്‌സി സര്‍വീസും തുടരും.