കൊറോണ വൈറസ് ജാഗ്രതാ നിര്‍ദേശം കേരളത്തിലും ; വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം
ചൈനയില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ജാഗ്രതയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ചൈനയില്‍ നിന്ന് സംസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. ചൈനയില്‍ നിന്ന് അടുത്തിടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയവര്‍ അവരവരുടെ ജില്ല ഓഫീസറുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒമ്പത് പേരാണ് കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ മരിച്ചത്. വൈറസ് ബാധിച്ച് മുന്നൂറിലേറെ പേര്‍ ചൈനയില്‍ ചികിത്സയിലാണ്. ഇതിനിടയില്‍ അമേരിക്കയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയായ ടീച്ചറും ഉണ്ട് എന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.