റെയില്‍വേ മെനുവില്‍ മീന്‍ കറിയും ; പൊറോട്ടയും പഴംപൊരിയും തിരിച്ചുവന്നു
കേരളം അടക്കമുള്ള സൌത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളെ തഴഞ്ഞു നോര്‍ത്തില്‍ ഉള്ളവരുടെ വിഭവങ്ങള്‍ കുത്തിക്കേറ്റാന്‍ ശ്രമിച്ച റെയില്‍വേയുടെ നടപടി പാളി. റെയില്‍വേ മെനുവില്‍ നിന്ന് കേരള വിഭവങ്ങള്‍ ഒഴിവാക്കിയ നടപടി വിവാദമായതിന്റെ പശ്ചാത്തലത്തില്‍ മുന്‍പുണ്ടായിരുന്ന മെനു നിലനിര്‍ത്താന്‍ പുതിയ തീരുമാനം. ഇതിനു പുറമേ മലയാളികളുടെ ഇഷ്ട വിഭവമായ മീന്‍ കറിയും മെനുവില്‍ ഉള്‍പ്പെടുത്തി.
അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവ പുതുക്കിയ മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ മലയാളി യാത്രക്കാര്‍ രംഗത്ത് വന്നതോടെ എംപി ഹൈബി ഈഡന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് മുന്‍പുണ്ടായിരുന്ന ഭക്ഷണങ്ങള്‍ക്കൊപ്പം മീന്‍ കറിയും ഉള്‍പ്പെടുത്തി. മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയായിരുന്നു റെയില്‍വേ മെനു പരിഷ്‌കരിച്ചത്. ഇതേതുടര്‍ന്ന് കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ട്വിറ്ററിലാണു റെയില്‍വേ ഇക്കാര്യം അറിയിച്ചത്.
മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലെ വില്‍പ്പനശാലകളില്‍നിന്നു പൊറോട്ടയും പഴംപൊരിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് മെനു പരിഷ്‌കരിച്ച തീരുമാനം റെയില്‍വേ പിന്‍വലിക്കുന്നത്.
അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടലക്കറി, ലഘുഭക്ഷണങ്ങളായ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയാണു മെനുവില്‍നിന്നു റെയില്‍വേ കഴിഞ്ഞദിവസം ഒഴിവാക്കിയത്. പകരം ഉത്തരേന്ത്യന്‍ വിഭവങ്ങളായ സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ ഇടംപിടിച്ചു. സ്‌നാക്ക് മീല്‍ വിഭാഗത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മസാല ദോശയും തൈര്, സാമ്പാര്‍ സാദം തുടങ്ങിയവയാണുള്ളത്. രാജ്മ ചാവല്‍, ചോല ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കല്‍, കുല്‍ച്ച എന്നിവയാണു പട്ടികയിലുണ്ടായിരുന്ന മറ്റു വിഭവങ്ങള്‍.