വിമാനത്താവളത്തില്‍ ബോംബ് വെച്ചത് ജോലി നല്‍കാത്തത് കാരണമെന്നു പ്രതി

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെക്കാന്‍ കാരണം ജോലി നല്‍കാത്തത് കൊണ്ടെന്നു പ്രതി. ജോലി നിഷേധിച്ചതിന് പ്രതികാരമായാണ് വിമാനത്താവളത്തില്‍ ബോംബ് വച്ചതെന്ന് ബംഗളൂരുവില്‍ കീഴടങ്ങിയ പ്രതി ആദിത്യ റാവു പറഞ്ഞു. ഇന്ന് രാവിലെയാണ് ഇയ്യാള്‍ കര്‍ണാടക പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെത്തി കീഴടങ്ങിയത്.

മണിപ്പാല്‍ സ്വദേശിയായ ഇയാള്‍ എഞ്ചിനിയറിംഗ്-എംബിഎ ബിരുദധാരിയാണ്. വിമാന താവളത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിക്ക് അപേക്ഷിച്ചിരുന്നെങ്കിലും ചില രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് ജോലി നിഷേധിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് വിമാനത്താവളത്തില്‍ ബോംബ് വെച്ചതെന്നാണ് ആദിത്യ റാവു മൊഴി നല്‍കിയിരിക്കുന്നത്.

യൂട്യൂബ് നോക്കിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതെന്നും ഇതിനായി ഒരു വര്‍ഷം സമയമെടുത്തുവെന്നും പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി. നേരത്തെ ലഗേജ് കൊണ്ടുപോകാന്‍ വിസമ്മതിച്ചതിന് ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാള്‍ വ്യാജസന്ദേശം നല്‍കിയിരിന്നു. ഇതിന്റെ പേരില്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ലാപ്ടോപുകള്‍ മോഷ്ടിച്ച കുറ്റത്തിന് മൂന്നുമാസം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

2012 ബെംഗളൂരുവില്‍ ഒരു സ്വകാര്യ ബാങ്കില്‍ ആദിത്യക്ക് ജോലി കിട്ടിയിരുന്നു. എന്നാല്‍ രാജിവച്ച് മംഗളൂരുവിലേക്ക് മടങ്ങി. ആറുമാസം സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തു. 2012 ല്‍ ഉഡുപ്പിയിലെ പുത്തിഗെ മഠത്തില്‍ പാചകക്കാരനായും ജോലി ചെയ്തു. പിന്നീട് ജോലി ഉപേക്ഷിച്ച് എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്റ്റാഫ് ആകാന്‍ ശ്രമിച്ചുവെന്നാണ് പറയപ്പെടുന്നത്. അതേസമയം ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.