പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ല ; മറുപടി നല്‍കാന്‍ നാലാഴ്ച അനുവദിച്ച് സുപ്രീം കോടതി

പൗരത്വ നിയമ ഭേദഗതി ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. കേന്ദ്രസര്‍ക്കാരിന്റെ മറുപടി ലഭിക്കാതെ സ്റ്റേ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ലെന്നും എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പറയുന്നില്ലെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്.

ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നല്‍കിയത്. കേസ് ഭരണഘടന ബെഞ്ചിന് വിടണോ എന്ന കാര്യവും കോടതി പരിശോധിക്കും. അസമില്‍ നിന്നുള്ള ഹരജികള്‍ പ്രത്യേകമായി പരിഗണിക്കാനും മറ്റ് ഹരജികള്‍ ഒന്നിച്ച് പരിഗണിക്കാനും തീരുമാനിച്ചതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇതില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.

നാല് ആഴ്ചക്കുള്ളില്‍ ഹരജികളിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. സ്റ്റേ അനുവദിക്കണമെന്ന വാദം അംഗീകരിക്കാതെ നാലാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് നല്‍കുകായായിരുന്നു സുപ്രീം കോടതി.

അഞ്ച് ആഴ്ചയ്ക്ക് ശേഷം കേസ് കേള്‍ക്കും. അതിന് മുന്‍പായി സ്റ്റേ നല്‍കാനാവില്ല. നാലാഴ്ചയ്ക്കുള്ളില്‍ എന്തൊക്കെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നുവോ അതെല്ലാം സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും എന്ന നിലപാട് കൂടി ഉത്തരവില്‍ രേഖപ്പെടുത്തിക്കൂടെ എന്ന് അഭിഭാഷകരില്‍ ഒരാള്‍ചോദിച്ചപ്പോള്‍ അങ്ങനെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും അതാണ് നിയമം എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാരിന് നിയമം നടപ്പാക്കുന്നതുമായി മുന്നോട്ടുപോകാം. എന്നാല്‍ അങ്ങനെ നടപ്പാക്കുന്ന ഏത് തീരുമാനവും ഏറ്റവും ഒടുവില്‍ സുപ്രീം കോടതി എന്ത് തീരുമാനമെടുക്കുന്നുവോ അതിന് അനുസൃതമായിരിക്കും എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
144 ഹരജികള്‍ക്കും മറുപടി നല്‍കാന്‍ അവസരം വേണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. ഇനിയൊരു ഹരജി നല്‍കാന്‍ ആരേയും അനുവദിക്കരുതെന്നും എ.ജി വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം കോടതി അംഗീകരിച്ചില്ല.