വിഷവാതകം ശ്വസിച്ച് വീട്ടുജോലിക്കാരായ രണ്ട് സ്ത്രീകള്‍ മരിച്ചു ; സംഭവം ദുബായില്‍

ദുബായില്‍ വിഷവാതകം ശ്വസിച്ച് ഏഷ്യക്കാരായ രണ്ട് സ്ത്രീകള്‍ മരിച്ചു. ബര്‍ ദുബായിലെ വില്ലയിലാണ് സംഭവം. വില്ലയിലെ വീട്ടുജോലിക്കാരായ സ്ത്രീകളാണ് മരിച്ചത്. രാത്രിയില്‍ തണുപ്പകറ്റാന്‍ കൂട്ടിയിട്ട തീക്കനലില്‍ (ചാര്‍ക്കോള്‍) നിന്നുമുണ്ടായ കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ജനലുകളും വാതിലുകളും പൂര്‍ണ്ണമായും അടച്ചിരുന്നതിനാല്‍ മുറിയില്‍ വായുസഞ്ചാരം ഉണ്ടായിരുന്നില്ല. കൂടാതെ മുറിയില്‍ സൗണ്ട് ഇന്‍സുലേറ്റുകളും ഘടിപ്പിച്ചിരുന്നു. അപകടകരമായ അളവില്‍ മുറിക്കുള്ളില്‍ തങ്ങിനിന്ന വാതകം ഉള്ളില്‍ ചെന്ന് ഉറക്കത്തില്‍ ശ്വാസതടസ്സം നേരിട്ടായിരുന്നു മരണം.

കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. അടച്ചുപൂട്ടിയ മുറിയില്‍ ചാര്‍ക്കോള്‍ കൂട്ടിയിട്ട് കത്തിക്കുന്നതുകൊണ്ടുള്ള അപകട സാധ്യതയെ കുറിച്ച് മരിച്ച വീട്ടുജോലിക്കാരികള്‍ക്ക് അറിവില്ലായിരുന്നുവേണം അനുമാനിക്കാനെന്ന് അധികൃതര്‍ പറഞ്ഞു. വീട്ടുജോലിക്കാരോട് ഇതിന്റെ അപകടങ്ങളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കണമെന്ന് ദുബായ് പൊലീസ് അഭ്യര്‍ത്ഥിച്ചു.