ആലപ്പുഴയില്‍ ഹൌസ് ബോട്ടിന് തീ പിടിച്ചു ; ആളപായമില്ല എന്ന് ആദ്യ റിപ്പോര്‍ട്ട്
ആലപ്പുഴ മുഹമ്മയില്‍ പാതിരാമണലിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു. 100 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വലിയ ഹൗസ്‌ബോട്ടിനാണ് തീ പിടിച്ചത്. 13 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.
ഇതിനിടെ തീപിടുത്തത്തില്‍ നിന്ന് രക്ഷ നേടാനായി പല യാത്രക്കാരും വെള്ളത്തിലേക്ക് ചാടി. കരയില്‍ നിന്ന് സ്പീഡ് ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. തീ പിടുത്തമുണ്ടായ ഹൗസ് ബോട്ടിനരികെ മറ്റ് ഹൗസ് ബോട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തീ പടരുമോ എന്ന ഭയം മൂലം അവര്‍ അടുത്തില്ല.
ബോട്ട് മുഴുവനായി കത്തിത്തീര്‍ന്നു എന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. തീപിടുത്തം ഉണ്ടാവുന്നത് കണ്ടതോടെ ഫെറി ബോട്ടുകള്‍ ഓടിയടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. ബോട്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നു എന്നും എല്ലാവരും രക്ഷപ്പെട്ടിരിക്കുവാനാണ് സാധ്യത എന്നും നാട്ടുകാര്‍ പറയുന്നു.ആളപായമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ബോട്ടില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികളെ മുഹമ്മ സ്റ്റേഷനില്‍ എത്തിച്ചു.