കളിയിക്കാവിള കൊല : പ്രതികള്‍ ഉപയോഗിച്ച തോക്ക് എറണാകുളത്ത് നിന്നും കണ്ടെത്തി

കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. ഒളിവില്‍ കഴിഞ്ഞ ആലുവയിലെ ബന്ധുവീട്ടില്‍ കൊലയ്ക്ക് ഉപയോഗിച്ച് തോക്ക് ഒളിപ്പിച്ചു എന്നായിരുന്നു പ്രതികള്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന് ആദ്യം നല്‍കിയ മൊഴി. കേരളാ പൊലീസിന്റെ സഹാത്തോടെ ക്യൂ ബ്രാഞ്ച് ആലുവയിലെ ബന്ധുവീട്ടില്‍ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല.

എന്നാല്‍ ഇപ്പോള്‍ ഏറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയതെന്നാണ് സൂചന. പ്രതികളുമായി തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കേസിലെ നിര്‍ണ്ണായക തെളിവായ തോക്ക് കണ്ടെത്തിയത്. പ്രതികളില്‍ നിന്നും ലഭിച്ച മൊഴിയനുസരിച്ച് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെത്തിയത്. ഇത് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് ആണെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ഇതുതന്നെയാണോ കൃത്യനിര്‍വഹണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം പ്രതികളായ ഷെമീമും തൗഫീഖും കളിയിക്കാവിളയില്‍ നിന്ന് ബസ്സിലാണ് എറണാകുളത്ത് എത്തിയത്. അവിടെവച്ചാണ് കൊലപാതക വിവരം പത്രത്തില്‍ കാണുന്നതെന്നും അതോടെ ഈ തോക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്നിലുള്ള ഓടയില്‍ ഉപേക്ഷിച്ചെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

കേരള പോലീസിന്റെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും സഹായത്തോടെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇന്നലെ രാത്രി പ്രതികളെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുവന്നും സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്തിയ കളിയിക്കവിള ചെക്ക്പോസ്റ്റില്‍ കൊണ്ടുവന്നും തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതികളായ ഷെമീം, തൗഫിക്ക് എന്നിവരെ 10 ദിവസത്തേക്കാണ് സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

ഇതിനിടയില്‍ ഈ കൊലപാതക കേസ് എന്‍ഐഎക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫീഖ് എന്നിവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഉഡുപ്പിയില്‍ വച്ചായിരുന്നു കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ രാത്രി തിരുവനന്തപുരത്തെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.